Cricket

ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറിന് ഉഗാണ്ടയെ എറിഞ്ഞിട്ട് വിന്‍ഡീസ് !! വമ്പന്‍ വിജയം

ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോറിന് ഉഗാണ്ടയെ എറിഞ്ഞിച്ച് വന്‍ വിജയം സ്വന്തമാക്കി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുത്തപ്പോള്‍ 12 ഓവറില്‍ വെറും 39 റണ്‍സിന് ഉഗാണ്ട പുറത്താവുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന് 134 റണ്‍സിന്റെ വിജയം. അഞ്ചു വിക്കറ്റ് നേടിയ അകീല്‍ ഹുസൈനാണ് ഉഗാണ്ടയെ തകര്‍ത്തത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജോണ്‍സണ്‍ ചാള്‍സ്(44), ആേ്രന്ദ റസല്‍(30), നിക്കോളാസ് പൂറന്‍(22), റോവ് മാന്‍ പവല്‍(23), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്22) എന്നിവരുടെ കരുത്തിലാണ് വിന്‍ഡീസ് 173 റണ്‍സിലെത്തിയത്.

ഉഗാണ്ടയ്ക്കായി ക്യാപ്റ്റന്‍ ബ്രയാന്‍ മസാബ രണ്ട് വിക്കറ്റ് വീഴ്ത്തി. അല്‍പേഷ് രാംജാനി, കോസ്‌മോസ് ക്യൂവൂട്ട, ദിനേശ് നക്രാണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

174 എന്ന ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഉഗാണ്ടയെ നിലംതൊടാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ അനുവദിച്ചില്ല. നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റു വീഴ്ത്തിയ അകീല്‍ ഹുസൈന്‍ മുമ്പില്‍ നിന്നു നയിച്ചപ്പോള്‍ അല്‍സാരി ജോസഫ് മൂന്നോവറില്‍ ആറു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി.

ആേ്രന്ദ റസല്‍, ഗുഡാകേശ് മോട്ടി,റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 13 റണ്‍സ് നേടിയ ജുമാ മിയാഗിയ്ക്കു മാത്രമാണ് ഉഗാണ്ടന്‍ നിരയില്‍ രണ്ടക്കം കാണാനായത്.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ വിന്‍ഡീസ് സൂപ്പര്‍ എട്ട് സാധ്യതകള്‍ സജീവമാക്കി. അഞ്ചു വിക്കറ്റ് നേടിയ അകീല്‍ ഹുസൈനാണ് കളിയിലെ താരം.

മത്സരത്തില്‍ ചില റെക്കോഡുകളും പിറന്നിരുന്നു. ട്വന്റി20 ലോകകപ്പില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ലോകകപ്പിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലില്‍ നെതര്‍ലന്‍ഡിനൊപ്പമാണ് ഉഗാണ്ടയുടെ സ്ഥാനം.

ട്വന്റി20യില്‍ ഒരു വിന്‍ഡീസ് താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണ് അകീല്‍ ഹുസൈന്‍ പുറത്തെടുത്തത്. 13ന് ന്യൂസിലന്‍ഡിനെതിരേയാണ് വിന്‍ഡീസിന്റെ അടുത്ത മത്സരം.

Related Articles

Back to top button