Cricket

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ കാലന്‍ എത്തുന്നു !! സകല ദൈവങ്ങളെയും വിൡച്ച് ഇന്ത്യന്‍ ആരാധകര്‍

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്കുള്ള ഒഫിഷ്യലുകളുടെ പട്ടിക ഐസിസി പുറത്തു വിട്ടതോടെ ആശങ്കയിലായത് ഇന്ത്യന്‍ ആരാധകരാണ്.

ലോകകപ്പുകളില്‍ ഇന്ത്യയുടെ നിര്‍ഭാഗ്യമെന്ന് വിശ്വസിക്കുന്ന അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ മത്സരം നിയന്ത്രിക്കാനെത്തുകയാണ്.

നിര്‍ണായകമായേക്കാവുന്ന ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാളായി കെറ്റില്‍ബെറോ എത്തുന്നത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ അവസാന മത്സരമാണിത്.

2014ന് ശേഷം അദ്ദേഹം നിയന്ത്രിച്ച ഒറ്റ നോക്കൗട്ട് മത്സരത്തില്‍ പോലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഫോര്‍മാറ്റുകളുടെ വ്യത്യാസമില്ലാതെയായിരുന്നു ഈ പരാജയങ്ങളെല്ലാം.

ട്വന്റി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലുമെല്ലാം കെറ്റില്‍ബറോയുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് ദുശ്ശകുനമായി. അപ്പോഴൊക്കെ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

2014 ടി-20 ലോകകപ്പ് ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കപ്പിനും ചുണ്ടിനും ഇടയില്‍ ഇന്ത്യക്ക് കിരീടം നഷ്ടമാകുമ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്നിരുന്നത് കെറ്റില്‍ബെറോ ആയിരുന്നു.

2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലും സ്വന്തം ഇന്ത്യയില്‍ നടന്ന 2016ലെ ട്വന്റി20 ലോകകപ്പിന്റെ സെമിയിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റില്‍ബെറോ ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്.

2017ലെ ചാമ്പ്യന്‍ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് വന്‍ പരാജയം ഏറ്റു വാങ്ങിയപ്പോഴും കളി നിയന്ത്രിക്കാന്‍ കെറ്റില്‍ബറോ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.

2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ നിരാശാജനകമായ തോല്‍വിയേറ്റു വാങ്ങുന്നതിനും ഇംഗ്ലീഷ് അംപയര്‍ സാക്ഷിയായി.

ലോകകപ്പില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷനില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബറോയുടെ സാന്നിദ്ധ്യം മത്സരത്തില്‍ ഉണ്ടായിരുന്നു.

ഇത്തവണ ഗ്രൗണ്ടിലിറങ്ങുന്നതിനു പകരം തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു അദ്ദേഹമെത്തിയത്. അന്നും തോല്‍വി തന്നെ ഫലം.

ശേഷം 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പേടിച്ചതുപോലെ ആ മത്സരത്തിലും ഇന്ത്യ തോറ്റു.

ഇതിന് പുറമെ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ റിച്ചാര്‍ഡ് ഇല്ലിങ്വെര്‍ത്തിനൊപ്പം കളി നിയന്ത്രിച്ച മറ്റൊരു ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ആയിരുന്നു.

ഇപ്പോള്‍ ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലും ഇന്ത്യയുടെ മത്സരം നിയന്ത്രിക്കാന്‍ കെറ്റില്‍ബെറോ എത്തുമ്പോള്‍ പിന്നെ എങ്ങനെ ഇന്ത്യന്‍ ആരാധകര്‍ ആശങ്കപ്പെടാതിരിക്കും.

Related Articles

Back to top button