Cricket

ഒരു ഉപകാരവുമില്ലാത്ത സാധനം!! നിര്‍ണായക സമയത്ത് ടീമിനെ വീണ്ടും ചതിച്ച് മാക്‌സ്‌വെല്‍; ഒപ്പം നാണക്കേടിന്റെ റെക്കോഡും

ഐപിഎല്‍ 2024ലെ എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാലു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. രജത് പട്ടീദാര്‍, വിരാട് കോഹ്ലി, മഹിപാല്‍ ലോംറോര്‍ എന്നിവരുടെ ഇന്നിംഗ്സുകളാണ് റോയല്‍ ചലഞ്ചേഴ്സിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവര്‍ രണ്ടാം ക്വാളിഫയറില്‍ നേരിടുക.

ആ മത്സരം ജയിക്കുന്നവര്‍ ഫൈനലില്‍ കളിക്കേണ്ടത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനായി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും വിരാട് കോഹ് ലിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. വിരാട് 24 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ ഡുപ്ലെസി 14 പന്തില്‍ 17 റണ്‍സ് നേടി. രജത് പട്ടീദാര്‍(22 പന്തില്‍ 34),മഹിപാല്‍ ലോംറോര്‍(17 പന്തില്‍ 32) എന്നിവരും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു.

മത്സരത്തില്‍ ഏറെ നിരാശപ്പെടുത്തിയത് ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്ലാണ്. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായാണ് മാക്സി ഒരിക്കല്‍ കൂടി ആര്‍സിബിയെ ചതിച്ചത്.

ആര്‍. അശ്വിന്റെ പന്തില്‍ ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നേരിട്ട ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്താനുള്ള മാക്‌സിയുടെ ശ്രമം ധ്രുവ് ജൂറലിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

ഇതോടെ രണ്ട് മോശം റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരം എന്ന റെക്കോഡാണ് അതിലൊന്ന്. 18 തവണയാണ് മാക്‌സ് വെല്‍ ഐപിഎല്ലില്‍ പൂജ്യത്തിന് പുറത്തായിരിക്കുന്നത്.

ഇതിന് പുറമെ ഒരു സീസണില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും മാക്സ്വെല്ലെത്തി. ഈ സീസണില്‍ ഇത് നാലാം തവണയാണ് മാക്സ്വെല്‍ പൂജ്യത്തിന് പുറത്താകുന്നത്. കഴിഞ്ഞ സീസണില്‍ അഞ്ചു തവണ പൂജ്യത്തിനു പുറത്തായ ജോസ് ബട്‌ലര്‍ മാത്രമാണ് ഇക്കാര്യത്തില്‍ മാക്‌സ് വെലിനു മുമ്പിലുള്ളത്.

Related Articles

Back to top button