Cricket

ലേലത്തില്‍ 4 അയര്‍ലന്‍ഡ് താരങ്ങള്‍; രണ്ടുപേര്‍ക്ക് വന്‍ ഡിമാന്റ്!

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ അയര്‍ലന്‍ഡില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നാലു താരങ്ങള്‍. ട്വന്റി-20 ലോകകപ്പില്‍ തകര്‍ത്തു കളിച്ച താരങ്ങളാണ് ലേലത്തിനും വരുന്നത്. അതുകൊണ്ട് തന്നെ നാലുപേരും വിവിധ ടീമുകളില്‍ എത്തപ്പെടുമെന്നാണ് വിചാരിക്കുന്നത്. പോള്‍ സ്റ്റിര്‍ലിംഗ്, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍, ജോഷുവ ലിറ്റില്‍ എന്നിവരാണ് ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്.

ഇന്ത്യ അയര്‍ലന്‍ഡില്‍ പര്യടനത്തിനു പോയപ്പോള്‍ തകര്‍ത്തു കളിച്ച താരമാണ് ഹാരി ടെക്ടര്‍. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ അന്ന് ഹാരിയുടെ പേര് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

ഹാരിയെ ഐപിഎല്ലില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഹര്‍ദിക് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഈ യുവതാരം ഐപിഎല്ലില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജോഷ് ലിറ്റില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ നെറ്റ് ബൗളറായിരുന്നു ഈ ഇടംകൈയന്‍. ഇത്തവണ ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ലിറ്റില്‍ അബുദാബി ടി10 ലീഗിലും ഗംഭീര പ്രകടനം നടത്തിയിരുന്നു. തുടര്‍ച്ചയായി 140 കിലോമീറ്റര്‍ വേഗത്തില്‍ യോര്‍ക്കറുകള്‍ എറിയാന്‍ സാധിക്കുന്ന താരം കൂടിയാണ്.

അയര്‍ലന്‍ഡിന്റെ ഇതിഹാസ താരമാണ് പോള്‍ സ്റ്റിര്‍ലിംഗ്. പക്ഷേ ലോകകപ്പില്‍ ഫോമില്‍ അല്ലാതിരുന്നത് ലേലത്തില്‍ തിരിച്ചടിയായേക്കും. തന്റേതായ ദിവസത്തില്‍ ഏതു വലിയ ബൗളറെയും തച്ചുതകര്‍ക്കാന്‍ ഐറിഷ് സെവാഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്റ്റിര്‍ലിംഗിന് സാധിക്കും.

ഈ ലോകകപ്പില്‍ തകര്‍ത്തു കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലോര്‍ക്കന്‍ ടക്കര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടത്തിയ ബാറ്റിംഗ് മിക്ക ഐപിഎല്‍ ടീമുകളും ശ്രദ്ധിച്ചിരുന്നു.

ടക്കറുടെ ബാറ്റിംഗാണ് റണ്‍റേറ്റില്‍ പിന്നില്‍ പോയി സെമിയില്‍ കടക്കാതിരിക്കാന്‍ കങ്കാരുക്കള്‍ക്ക് തിരിച്ചടിയായത്. ഈ താരങ്ങളില്‍ ആരെങ്കിലുമൊക്കെ ഐപിഎല്ലില്‍ എത്തിയാല്‍ അത് അയര്‍ലന്‍ഡ് ക്രിക്കറ്റിന് വലിയ നേട്ടമാകും.

Related Articles

Back to top button