Cricket

മെല്‍ബണില്‍ നാടകീയമായി മാറിമറിഞ്ഞ് കാലാവസ്ഥ; ഇന്ത്യ-പാക് മാച്ചിന് ശുഭവാര്‍ത്ത!!

ഇന്ത്യ-പാക് ആവേശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ആരാധകരെല്ലാം ആകാശത്തേക്കാണ് നോക്കുന്നത്. ലാനിന പ്രതിഭാസം മൂലം ഓസ്‌ട്രേലിയയില്‍ കനത്ത മഴയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ-പാക് പോരാട്ടം നടക്കുന്ന മെല്‍ബണില്‍ മഴയ്ക്കുള്ള സാധ്യത 80 ശതമാനമാണെന്നാണ് പ്രവചനം.

ഇന്ന് (ശനിയാഴ്ച്ച) അടക്കം കനത്ത മഴ പെയ്യുമെന്നായിരുന്നു പ്രവചനം. എന്നാല്‍ നാടകീയമായി ശനിയാഴ്ച്ച കാലാവസ്ഥ കൂടുതല്‍ മികച്ചതായി. രാവിലെ മുതല്‍ മഴ പെയ്തില്ലെന്ന് മാത്രമല്ല ആകാശം കൂടുതല്‍ പ്രകാശമാനമായി. ഇന്ത്യന്‍ ടീം നെറ്റ്‌സില്‍ പരിശീലനത്തിന് എത്തുകയും ചെയ്തു. ആയിരങ്ങളാണ് പരിശീലനം കാണാന്‍ എത്തിയത്.

ബുധനാഴ്ച്ചത്തെ പ്രവചന പ്രകാരം 90 ശതമാനമായിരുന്നു ഞായറാഴ്ച്ച മഴ പെയ്യാനുള്ള സാധ്യത. വെള്ളിയാഴ്ച്ച ആ പ്രവചനത്തില്‍ ചെറിയ മാറ്റം വന്നു. 80 ശതമാനത്തിലേക്ക് മഴ സാധ്യത കുറഞ്ഞു. ശനിയാഴ്ച്ചത്തെ ബുള്ളറ്റിനില്‍ അത് 60 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കനത്ത രീതിയില്‍ മഴ പെയ്ത മെല്‍ബണ്‍ നഗരത്തിലും ഇപ്പോള്‍ പിടിച്ചു കെട്ടിയ പോലെ മഴ നിന്നിട്ടുണ്ട്. മഴയുടെ കാര്യത്തില്‍ ഇന്ത്യ-പാക് ആരാധകര്‍ ഒറ്റക്കെട്ടാണ്. രണ്ട് രാജ്യത്തെയും ആരാധകര്‍ ആരു ജയിച്ചാലും തോറ്റാലും കളി നടക്കണമെന്ന പക്ഷക്കാരാണ്.

Related Articles

Back to top button