Cricket

വെറും ഒരു വര്‍ഷം! സിംബാബ്‌വെ ക്രിക്കറ്റിനെ മാറ്റിമാറിച്ച ഹൂട്ടണ്‍ മാജിക്!!

ഡേവ് ഹൂട്ടണ്‍, സിംബാബ്‌വെ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല ഈ പേര്. ഉഗാണ്ടയോടു പോലും തോറ്റ് മൃതപ്രായനായി കിടന്ന സിംബാബ്‌വെയെന്ന പഴയ പ്രതാപികളെ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാക്കിയ ഇതിഹാസ പരിശീലകനെന്ന സ്ഥാനമായിരിക്കും ആ നാട്ടുകാര്‍ അദേഹത്തിന് നല്‍കുക.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് ആണ് ഹൂട്ടണ്‍ വീണ്ടും സിംബാബ്‌വെ പരിശീലകനായെത്തുന്നത്. ലാല്‍ചന്ദ് രാജ്പുത്ത് എന്ന ഇന്ത്യന്‍ കോച്ചിന് കീഴില്‍ തോല്‍വികള്‍ മാത്രം ശീലമാക്കിയ അവസ്ഥയിലായിരുന്നു ആഫ്രിക്കക്കാര്‍ ആ നിമിഷം വരെ.

ഹൂട്ടണ്‍ വന്നശേഷം ടീം അടിമുടി മാറി. രാജ്പുത്തിന് കീഴില്‍ കിതച്ചു നിന്ന അതേ സംഘത്തെ പോരാട്ടക്കാരുടെ കൂട്ടമാക്കി അദേഹം മാറ്റി. കഴിവുള്ള യുവതാരങ്ങളെ ടീമിലെത്തിച്ചു. ഓസ്‌ട്രേലിയയില്‍ വന്ന് ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് ലോകത്തെയാകെ ഞെട്ടിച്ചു. ഹൂട്ടണ്‍ തന്റെ സംഘത്തിന് പകര്‍ന്നു നല്‍കിയത് ഒരേയൊരു മന്ത്രം മാത്രമായിരുന്നു, നിങ്ങള്‍ ആരേക്കാളും പിന്നിലല്ല.

ഡേവ് ഹൂട്ടണ്‍ സിംബാബ്‌വെ കോച്ച്‌

വെസ്ലി മതേവേരയും മില്‍ട്ടണ്‍ സുംഭയും എന്‍ഗുരയും എല്ലാം അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ച് തുടങ്ങിയതോടെ ടീം വിജയവഴിയില്‍ വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ ആറുമാസമായി സിംബാബ് വെയുടെ കളി നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിസംശയം പറയും, ഈ ടീം ജയിക്കുന്നത് വെറും അത്ഭുതത്തിന്റെ കരുത്തില്‍ മാത്രമല്ലെന്ന്.

ഒരേ മനസോടെ പൊരുതുന്ന സംഘത്തെയാണ് ചുവപ്പ് ജേഴ്‌സിയില്‍ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. 99 കളിലെ നീല്‍ ജോണ്‍സണ്‍, ആന്‍ഡി ഫ്‌ളവര്‍, ഹീത്ത് സ്ട്രീക്ക് തുടങ്ങിയ സുവര്‍ണ യുഗത്തിന്റെ അടുത്തെത്തുന്നില്ലെങ്കിലും സിംബാബ്‌വെ ആകെയങ്ങ് മാറിയിരിക്കുന്നു.

സിക്കന്തര്‍ റാസയെന്ന ഇതിഹാസം അവരുടെ പ്രകടനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ റാസ വേറെ ലെവല്‍ ആയേനെയെന്ന് പറഞ്ഞാലും അതിശയോക്തിയല്ല.

സിംബാബ്‌വെ ക്രിക്കറ്റില്‍ ഇതിനിടെ മറ്റൊരു മാറ്റവും സംഭവിച്ചിട്ടുണ്ട്. വിട്ടുപോയ ആരാധകര്‍ വീണ്ടും ടീമിനെ പിന്തുണച്ച് തുടങ്ങിയിരിക്കുന്നു. ഹരാരെയിലും ബുലവായോയിലും ഇപ്പോള്‍ ദേശീയ ടീം കളിക്കാനിറങ്ങിയാല്‍ ഗ്യാലറികള്‍ നിറഞ്ഞു കവിയും.

എന്തിനേറെ സ്‌കോട്‌ലന്‍ഡിനെതിരാ മല്‍സരം ഹരാരെയിലെ ഒരു പബില്‍ ടിവിയില്‍ കണ്ടത് ആറായിരത്തോളം പേരാണ്. അതേ സിംബാബ്‌വെ ക്രിക്കറ്റ് തിരിച്ചു വരികയാണ്. നന്ദി ഹൂട്ടണ്‍, നന്ദി റാസ… ആഫ്രിക്കന്‍ വന്യത വീണ്ടും തിരികെ നല്‍കിയതിന്…

Related Articles

Back to top button