Cricket

ഗംഭീര്‍ എത്തിയാല്‍ പന്തിന്റെ കാര്യം പോക്കാണ് മോനേ…പിന്നെ സഞ്ജുവിന്റെ കാലം; അടിമുടി മാറ്റമുണ്ടാവുമെന്ന് സൂചന

മുന്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവുമെന്ന ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഗംഭീറിനൊപ്പം സാധ്യതാ പട്ടികയില്‍ മുന്‍താരം ഡബ്ല്യു വി രാമനുമുണ്ടായിരുന്നെങ്കിലും ഗംഭീറിനെ ഇതിനോടകം തെരഞ്ഞെടുത്തു കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായിരുന്ന അദ്ദേഹം ടീമംഗങ്ങളോടും മറ്റുള്ളവരോടും യാത്രപറഞ്ഞു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയുന്നത്. ഈ മാസം ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഗംഭീര്‍ പരിശീലകനായി എത്തിയേക്കും.


ഗംഭീര്‍ വരുമ്പോള്‍ ടീമില്‍ അടിമുടി മാറ്റമുണ്ടായേക്കുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗംഭീര്‍ പരിശീലകനാവുന്നത് മലയാളി താരം സഞ്ജു സാംസണ് വലിയ അവസരങ്ങള്‍ നല്‍കുമെന്നുമെന്നാണ് ഗംഭീറിന്റെ മുന്‍കാല നിലപാടുകള്‍ നല്‍കുന്ന സൂചന.

ട്വന്റി20 ലോകകപ്പിന് മുമ്പ് പോലും ഗംഭീര്‍ സഞ്ജുവിനെ കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജു ലോകകപ്പ് കളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യയുടേതെന്നാന്ന് ഗംഭീര്‍ വ്യക്തമാക്കിയത്. അതുപോലെ റിഷഭ് പന്തിനെ പലപ്പോഴും വിമര്‍ശിക്കുക കൂടി ചെയ്തിട്ടുണ്ട് അദ്ദേഹം.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന പന്തിന്റെ ട്വന്റി20 റെക്കോഡ് പരിതാപകരമാണ്. 74 മത്സരങ്ങളില്‍ നിന്ന് 22.70 ശരാശരിയില്‍ 1158 റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് ആവട്ടെ 126.55 മാത്രവും.

പന്തിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും ടെസ്റ്റില്‍ മാത്രം ശ്രദ്ധിക്കട്ടെയെന്നും ഗംഭീര്‍ വാദിച്ചിരുന്നു. കാറപകടത്തില്‍ പന്തിന് പരിക്കേല്‍ക്കുന്നതിന് മുമ്പായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.


”പന്തിന് വേണ്ടുവോളം അവസരം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവസരങ്ങളൊന്നും മുതലാക്കാന്‍ അവന് സാധിച്ചില്ല. അതേസമയം, ഇഷാന്‍ കിഷന് അതിന് കഴിഞ്ഞു. പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.” ഗംഭീര്‍ അന്ന് പറഞ്ഞു.

2020ല്‍ സഞ്ജുവിനെ കുറിച്ചും ഗംഭീര്‍ സംസാരിച്ചിരുന്നു. അതിങ്ങനെയായിരുന്നു. ”ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല സഞ്ജു, മികച്ച യുവ ബാറ്റര്‍കൂടിയാണ്.” ഗംഭീര്‍ അന്ന് എക്‌സില്‍ കുറിച്ചിട്ടു.

എന്തായാലും ഗംഭീര്‍ പരിശീലകനായിട്ടുള്ള ആദ്യ ടീം പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. പരിശീലകനാവാനുള്ള അഭിമുഖ സമയത്ത് തന്നെ ഗംഭീര്‍ ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നു.

പരിശീലകനായി ചുമതലയേറ്റാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം തനിക്കായിരിക്കണമെന്നാണ് ഗംഭീര്‍ മുന്നോട്ടുവെച്ച ആദ്യ ഉപാധി.

ഇതില്‍ ബിസിസിഐയില്‍ നിന്ന് മറ്റൊരു ഇടപെടലും ഉണ്ടാകരുതെന്നും ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റിനും ഏകദിനത്തിനും ട്വന്റി20യ്ക്കും പ്രത്യേക ടീമുകള്‍ വേണമെന്നതാണ് ഗംഭീറിന്റെ മറ്റൊരു ആവശ്യം.

എന്തായാലും ഇന്ത്യന്‍ ടീമിനെ ഉടച്ചുവാര്‍ക്കുക തന്നെയാണ് ഗംഭീറിന്റെ ലക്ഷ്യമെന്ന് വ്യക്തം. ഇത്തവണ സിംബാബ് വെയില്‍ പര്യടനത്തിനെത്തിയിരിക്കുന്ന ടീമിലെ പലര്‍ക്കും ഇന്ത്യന്‍ ടീമില്‍ സ്ഥിരമാവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

Related Articles

Back to top button