Cricket

ആര്‍സിബിയെ നശിപ്പിച്ചത് വിരാട് കോഹ്ലി!! ടീമിന്റെ തോല്‍വിയെക്കുറിച്ച് തുറന്നടിച്ച് അമ്പാട്ടി റായിഡു

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനാവാത്ത ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. 2008ലെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും രണ്ടു തവണ ഫൈനലില്‍ വന്നതു മാത്രമാണ് ആര്‍സിബിയ്ക്ക് എടുത്തു പറയാനുള്ള നേട്ടം.

ഇപ്പോഴിതാ ആര്‍സിബിയുടെ ദുര്‍വിധിയ്ക്ക് സൂപ്പര്‍താരവും ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ് ലിയെ പഴിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഐപിഎല്‍ 2024 മത്സരത്തില്‍ കോഹ്ലിയെ സ്പിന്നര്‍ മണിമാരന്‍ സിദാര്‍ത്ഥ് പുറത്താക്കിയതിന് പിന്നാലെയാണ് റായിഡു കോഹ്ലിക്ക് എതിരെ തിരിഞ്ഞത്.

വര്‍ഷങ്ങളായി ആര്‍സിബിയുടെ ഏറ്റവും വലിയ പ്രശ്‌നം സ്ഥിരത കുറവാണ്. ഷെയ്ന്‍ വാട്സണ്‍, യുസ്വേന്ദ്ര ചാഹല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ശിവം ദുബെ തുടങ്ങിയ മാച്ച് വിന്നര്‍മാരെ ഫ്രാഞ്ചൈസി ഈ കാലഘത്തില്‍ ടീമില്‍ നിലനിര്‍ത്താതെ വിട്ടയക്കുകയും ചെയ്തു.

വര്‍ഷങ്ങളോളം ആര്‍സിബി ക്യാപ്റ്റനായിരുന്നു കോഹ്‌ലിയെന്നും പക്ഷേ ടീം ഒരിക്കലും മികവുറ്റ ബൗളര്‍മാരെ വാങ്ങിയിട്ടില്ല എന്നുമാണ് അമ്പാട്ടി റായിഡു പറയുന്നത്. ഈ പ്രശ്‌നം വര്‍ഷം തോറും അവരെ ബാധിച്ചു. ബാറ്റിംഗ് ലൈനപ്പ് പല കാലഘട്ടത്തിലും ലീഗിലെ ഏറ്റവും മികച്ചത് ആയിട്ട് കൂടി അവര്‍ക്ക് മത്സരം ജയിക്കാനായില്ലെന്നും റായിഡു പറയുന്നു.

”വിരാട് കോഹ്ലി ഏറെക്കാലം ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്നു. ലേലത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അത്ര മികച്ച ഇടപെടല്‍ ഉണ്ടായില്ല. പക്ഷേ ടീം ഒരിക്കലും മികച്ച ബൗളര്‍മാരെ വാങ്ങിയില്ല.

ടീമില്‍ പ്രമുഖ താരങ്ങള്‍ പലരെയും നിലനിര്‍ത്താതെ പോയി. അതേ കളിക്കാര്‍ മറ്റ് ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേര്‍ന്നതിന് ശേഷം മികച്ച പ്രകടനം നടത്തി.”

ഫ്രാഞ്ചൈസിക്ക് വേണ്ടി കോഹ്ലി 7000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ആര്‍സിബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരുടെ പട്ടികയിലുള്ള മറ്റൊരു ബാറ്ററുടെ പേര് പറയൂ.

ആ ലിസ്റ്റിലെ അടുത്ത താരം ഡിവില്ലേഴ്സ് ആണ്. ഒരു കളിക്കാരന്റെ മാത്രം തോളില്‍ കയറി ഒരു ടീമിന് ട്രോഫി നേടാനാവില്ല, ”അമ്പാട്ടി റായിഡു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഹോം മത്സരത്തില്‍ 28 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.

ക്വിന്റണ്‍ ഡി കോക്(81),നിക്കോളാസ് പൂറന്‍(40), മാര്‍ക്കസ് സ്റ്റോയിനിസ്(24), കെ.എല്‍ രാഹുല്‍(20) എന്നിവരുടെ ബാറ്റിംഗ് മികവാണ് എല്‍എസ്ജിയ്ക്ക് തുണയായത്.

എന്നാല്‍ ആര്‍സിബിയുടെ മറുപടി 19.4 ഓവറില്‍ 153ല്‍ അവസാനിച്ചു. വിരാട് കോഹ് ലി(22), രജത് പട്ടീദാര്‍(29), മഹിപാല്‍ ലോംറോര്‍(33) എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. നാലോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്.

Related Articles

Back to top button