Cricket

ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാവുക ആ താരം!! ഇന്ത്യന്‍ താരത്തെ ഡോണ്‍ ബ്രാഡ്മാനോട് ഉപമിച്ച് മോണ്ടി പനേസര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ ഓഫ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഈ മാസം അവസാനം ആരംഭിക്കുന്ന അഞ്ചു മത്സര ടെസ്റ്റ് പരമ്പരയില്‍ രോഹിത് ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകുമെന്നാണ് പനേസര്‍ പറയുന്നത്.

സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ആക്രമണഷോട്ടുകള്‍ കളിക്കാനുള്ള രോഹിത് ശര്‍മയുടെ കഴിവിനെ ഏറെ പുകഴ്ത്തിയ പനേസര്‍ അദ്ദേഹത്തെ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനുമായി ഉപമിക്കുകയും ചെയ്തു.

”തിരിയുന്ന പന്തുകളെ ആക്രമിക്കുന്നവരാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. അവര്‍ അല്‍പം കൂടി ഭയരഹിതരാണ്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമാവുന്ന താരം രോഹിത് ശര്‍മയാണ്. തിരിയുന്ന പിച്ചുകളിലെ ഡോണ്‍ ബ്രാഡ്മാനാണ് അദ്ദേഹം. ഇക്കാര്യത്തില്‍ അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ റെക്കോഡുകള്‍. രോഹിതിനെ എത്രയും വേഗം പുറത്താക്കുകയാണ് ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര വിജയിക്കാനുള്ള മാര്‍ഗം. രോഹിതിനെ ഇംഗ്ലണ്ട് പൂട്ടിയാല്‍ ഇന്ത്യയ്ക്ക് പ്ലാന്‍ ബി ആലോചിക്കേണ്ടി വരും. അപ്പോള്‍ ടീമിലെ യുവതാരങ്ങള്‍ സമ്മര്‍ദ്ദത്തിലാവും. അതാണ് ഇംഗ്ലണ്ടിന്റെ പിടിവള്ളി.” പനേസര്‍ പറഞ്ഞു.

ജനുവരി 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ഉദ്ഘാടന മത്സരം. വിശാഖപട്ടണം (ഫെബ്രുവരി 2-6), രാജ്‌കോട്ട് (ഫെബ്രുവരി 15-19), റാഞ്ചി (ഫെബ്രുവരി 23-27), ധര്‍മ്മശാല (മാര്‍ച്ച്) എന്നിവിടങ്ങളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.

2020/21 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നത്. അന്ന് നടന്ന നാലു മത്സര പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു.

പിന്നീട് ഇരു ടീമുകളും തമ്മില്‍ 2021/22ല്‍ ഇംഗ്ലണ്ടില്‍ വച്ചു നടന്ന അഞ്ചു മത്സര പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചിരുന്നു. 2012/13ലെ പര്യടനത്തിനു ശേഷം ഇംഗ്ലണ്ടിന് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിക്കാനായിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ ഇന്ത്യയാണ് ഒന്നാമത്. ഇംഗ്ലണ്ട് പട്ടികയില്‍ എട്ടാമതാണ്.

Related Articles

Back to top button