Cricket

തൊട്ടതെല്ലാം പിഴച്ച് കിംഗ് ബാബര്‍! പാക്കിസ്ഥാന് തിരിച്ചടിയായി ബാബറിന്റെ അശ്രദ്ധ!!

ഇംഗ്ലണ്ടിനെതിരായ ഏഴാമത്തെയും അവസാനത്തെയും ട്വന്റി-20യില്‍ പാക്കിസ്ഥാന് വില്ലനായി സ്വന്തം ക്യാപ്റ്റന്‍ ബാബര്‍ അസം. ഫീല്‍ഡിലും ബാറ്റിംഗിലും ഒരുപോലെ പരാജയമായ ബാബറിന്റെ പിഴവുകളാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോറില്‍ എത്തിച്ചത്. രണ്ട് നിര്‍ണായക ക്യാച്ചുകള്‍ വിട്ടുകളഞ്ഞ ബാബര്‍ ബാറ്റിംഗിലും അമ്പേ പരാജയമായി. നാലു പന്തില്‍ നിന്ന് വെറും 4 റണ്‍സാണ് ക്യാപ്റ്റന് നേടാനായത്.

ഡേവിഡ് മലാന്‍ 19 പന്തില്‍ വെറും 29 റണ്‍സെടുത്ത് നില്‍ക്കേയാണ് ആദ്യം ബാബര്‍ ക്യാച്ച് വിട്ടുകളയുന്നത്. പവര്‍ഫുള്‍ ഷോട്ട് ആയിരുന്നെങ്കിലും ക്യാച്ച് കൈവിട്ടത് പാക്കിസ്ഥാനെ വല്ലാത്ത രീതിയില്‍ ബാധിച്ചു. പന്ത്രണ്ടാം ഓവറിലെ ഈ ലൈഫ് മലാന്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു പിന്നീട്. ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പരത്തിയ മലാന്‍ 47 പന്തില്‍ 78 റണ്‍സെടുത്ത് ഇംഗ്ലീഷ് ഇന്നിംഗ്‌സിന്റെ അമരക്കാരനായി.

ഹാരി ബ്രൂക്‌സ് 20 പന്തില്‍ 24 റണ്‍സെടുത്ത് നില്‍ക്കെയാണ് ബാബര്‍ വിട്ടുകളഞ്ഞത്. പതിനാറാമത്തെ ഓവറിലായിരുന്നു ഇത്. ഹാരിസ് റൗഫിന്റെ പന്തില്‍ അനായാസം കൈപ്പിടിയില്‍ ഒതുക്കാമായിരുന്ന പന്ത് ബാബറിന്റെ അശ്രദ്ധയില്‍ നിലത്തു വീണു. ഒരു ജീവന്‍ കിട്ടിയ ബ്രൂക്ക് 29 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഇംഗ്ലണ്ട് കെട്ടിപ്പൊക്കിയ 209 റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ പാക്കിസ്ഥാന്‍ തുടക്കത്തിലേ ബാക്ക്ഫുട്ടിലേക്ക് പോയതിന് കാരണം ബാബര്‍-മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് പൊളിഞ്ഞതാണ്. റിസ്വാന്‍ വെറും ഒരു റണ്‍സെടുത്ത് കീഴടങ്ങി. ഈ പരമ്പരയില്‍ പാക്കിസ്ഥാനെ ഒറ്റയ്ക്ക് ബാറ്റിംഗില്‍ മുന്നോട്ട് നയിച്ചത് റിസ്വാന്റെ ബാറ്റിംഗ് കരുത്തായിരുന്നു.

Related Articles

Back to top button