Cricket

ഒരേ ദിനത്തില്‍ മോശം റിക്കാര്‍ഡ് ബുക്കില്‍ കയറിപ്പറ്റി അര്‍ഷദീപും വസീമും!!

ഒരേ ദിനത്തില്‍ തന്നെ ഒരു പോലെയുള്ള മോശം റിക്കാര്‍ഡ് സ്വന്തമാക്കുകയെന്ന കാര്യമാണ് ഗുവഹാത്തിയിലും ലാഹോറിലും സംഭവിച്ചത്. ഗുവഹാത്തിയില്‍ മോശം റിക്കാര്‍ഡ് അര്‍ഷദീപ് സിംഗിന്റെ പേരിലായപ്പോള്‍ ലാഹോറില്‍ മുഹമ്മദ് വസീമിനെ തേടിയാണ് ആ പാപഭാരമെത്തിയത്.

പാക്കിസ്ഥാനായി നാലോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമനെന്ന പേരാണ് മുഹമ്മദ് വസീമിനെ തേടിയെത്തിയത്. ഇംഗ്ലണ്ടിനെതിരേ നാലോവറില്‍ 61 റണ്‍സാണ് വസീം വഴങ്ങിയത്. നാലോവറില്‍ 63 റണ്‍സ് വഴങ്ങിയ ഉസ്മാന്‍ ഷിന്‍വാരിയുടെ മോശം റിക്കാര്‍ഡ് ഭാഗ്യത്തിന് തകര്‍ന്നില്ലെന്ന് മാത്രം. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഷിന്‍വാരി ഇത്രയധികം തല്ലുവാങ്ങിയത്.

ഇന്ത്യയുടെ അര്‍ഷദീപ് സിംഗും രണ്ടാമനായാണ് ഗുവഹാത്തിയില്‍ മല്‍സരം അവസാനിപ്പിച്ചത്. നാലോവറില്‍ 62 റണ്‍സാണ് അര്‍ഷദീപ് വഴങ്ങിയത്. 4 ഓവറില്‍ 64 റണ്‍സ് വഴങ്ങിയ യുഷ്‌വേന്ദ്ര ചഹലിന്റെ മോശം കാര്യം മറികടന്നില്ലെന്ന് അര്‍ഷദീപിന് ആശ്വസിക്കാം. ചഹാലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയാണ് മോശം റിക്കാര്‍ഡ് ഇട്ടത്.

അര്‍ഷദീപും മുഹമ്മദ് വസീമും ഇരു രാജ്യങ്ങളിലെയും ഏറ്റവും മികച്ച യുവ ഫാസ്റ്റ് ബൗളര്‍മാരാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു അര്‍ഷദീപ്. മുഹമ്മദ് വസീം ഇംഗ്ലണ്ടിനെതിരേ മുന്‍ മല്‍സരങ്ങളില്‍ മികച്ച ബൗളിംഗും നടത്തിയിരുന്നു.

Related Articles

Back to top button