Cricket

ബാബറിനെയും റിസ്വാനെയും രക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ബൗണ്ടറി ലൈന്‍ കുറച്ചു?

ക്രിക്കറ്റ് ലോകത്ത് ഇതുവരെ കേള്‍ക്കാത്തൊരു ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. തങ്ങളുടെ പ്രധാന താരങ്ങളായ ബാബര്‍ അസത്തിന്റെയും മുഹമ്മദ് റിസ്വാന്റെയും സ്‌ട്രൈക്ക് റേറ്റ് കുറവാണെന്ന വിമര്‍ശനം ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയെന്ന് പറയുന്ന നീക്കത്തിനെതിരേയാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം കടുക്കുന്നത്.

സംഭവം എന്തെന്നു വച്ചാല്‍ കറാച്ചിയില്‍ നടക്കുന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ട്വന്റി-20 പരമ്പരയില്‍ രണ്ടാം മല്‍സരത്തില്‍ പിച്ചില്‍ നിന്നും ബൗണ്ടറി ലൈനിലേക്കുള്ള ദൂരം വളരെ കുറവായിരുന്നു. വലിയ സ്റ്റേഡിയമാണ് കറാച്ചിയിലേത്. എന്നാല്‍ രണ്ടാം ട്വന്റി-20യില്‍ ബൗണ്ടറി അടുത്താക്കിയാണ് മല്‍സരം. നടത്തിയത്. പിച്ചില്‍ നിന്ന് 60-65 മീറ്റര്‍ ദൂരമായിരുന്നു പല ഭാഗത്തേക്കും ഉണ്ടായിരുന്നത്. സാധാരണ കറാച്ചി സ്റ്റേഡിയത്തിലെ ദൂരത്തേക്കാള്‍ വളരെ കുറവായിരുന്നു ഇത്.

ഈ ദൂരക്കുറവ് മുതലെടുത്ത് ബാറ്റ്‌സ്ന്മാര്‍ നിറഞ്ഞാടുകയും ചെയ്തു. ഇംഗ്ലണ്ട് ബാറ്റ്‌സ്ന്മാര്‍ എല്ലാവരും കൂടി ഒന്‍പത് സിക്‌സറുകള്‍ പറത്തുകയും ചെയ്തു. മറുവശത്ത് പത്തുവിക്കറ്റ് നേടിയ പാക്കിസ്ഥാനായി ബാബര്‍ 5 സിക്‌സറുകളും റിസ്വാന്‍ 4 സിക്‌സറുകളും നേടി. മല്‍സരം പാക്കിസ്ഥാന്‍ അനായാസം ജയിക്കുകയും ചെയ്തു.

പാക്കിസ്ഥാന്‍ ബൗണ്ടറി ലൈനിന്റെ നീളം കുറച്ചെന്ന വിമര്‍ശനവുമായി പാക്കിസ്ഥാനില്‍ നിന്നു തന്നെയുള്ള ചില ട്വിറ്റര്‍മാരാണ് ആദ്യം രംഗത്തു വന്നത്. തൊട്ടുപിന്നാലെ ബംഗ്ലാദേശ്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. മൂന്നാം മല്‍സരത്തില്‍ ആറു വീതം സിക്‌സറുകളാണ് ഇരുടീമുകളും അടിച്ചത്. ആദ്യ ട്വന്റി-20യില്‍ ആകെ പിറന്നത് ആറ് സിക്‌സറുകള്‍ മാത്രമാണ്. ഇതില്‍ അഞ്ചും പാക്കിസ്ഥാന്റെ വകയായിരുന്നു.

സ്വന്തം ടീമിന് ഗുണകരമാക്കാന്‍ വേണ്ടി ചെയ്തതാണെങ്കിലും ഗുണം ഇംഗ്ലണ്ടിനാണ് കിട്ടിയതെന്ന വിമര്‍ശനമാണ് പാക്കിസ്ഥാന്‍ ആരാധകര്‍ മുന്നോട്ടു വയ്ക്കുന്നത്. ബൗളിംഗാണ് പാക്കിസ്ഥാന്റെ കരുത്ത്. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്ന്മാരെ സഹായിക്കാനുള്ള മണ്ടന്‍ തീരുമാനമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയതെന്ന വിമര്‍ശനത്തിന് പാക്കിസ്ഥാനില്‍ കരുത്ത് കൂടിയിട്ടുണ്ട്.

Related Articles

Back to top button