Cricket

സച്ചിനെ മറികടന്ന് രോഹിത് ശര്‍മ !! ഇനി മുമ്പില്‍ ഒരേയൊരാള്‍ മാത്രം; വേറെയും റെക്കോഡുകള്‍

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം.

ഗ്രോസ് ഐലെറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

41 പന്തില്‍ 92 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഏഴ് ബൗണ്ടറിയും എട്ട് സിക്സറും അടക്കം 224.39 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

മത്സരത്തിലെ താരവും മറ്റാരുമായിരുന്നില്ല. എന്നാല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കിട്ടിയതിനു ശേഷവും പല റെക്കോഡുകളും താരത്തെ തേടിയെത്തിയിരുന്നു.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ ഇതോടെ താരത്തിനായി.

വിരാട് ഒന്നാമനായ ലിസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നാണ് രോഹിത് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇത് 11-ാം തവണയാണ് രോഹിത് കളിയിലെ താരമാവുന്നത്. 12 തവണ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ വിരാട് കോഹ് ലി മാത്രമാണ് ഇക്കാര്യത്തില്‍ രോഹിതിനു മുമ്പിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും 11 തവണ പുരസ്‌കാരം നേടി രോഹിതിനൊപ്പമുണ്ട്, സച്ചിന് 10 തവണയാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ഇതിന് പുറമെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി.

ഇത് മൂന്നാം തവണയാണ് നായകന്‍ എന്ന നിലയില്‍ രോഹിത് ഐസിസി ടൂര്‍ണമെന്റുകളില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെടുന്നത്. നാലു തവണ നേട്ടം കൈവരിച്ച മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യത്തില്‍ ഹിറ്റ്മാനു മുമ്പിലുള്ളത്.

35 വയസിന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും രോഹിത്തിനായി.

35 വയസ് പിന്നിട്ട ശേഷം ഇത് ആറാം തവണയാണ് രോഹിത് ഐസിസി ടൂര്‍ണമെന്റുകൡ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. എട്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമത്.

അതേസയം, ജൂണ്‍ 27ന് നടക്കുന്ന സെമി ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍.

Related Articles

Back to top button