Cricket

ഇന്ത്യന്‍ താരത്തെ മെന്ററാക്കിയാല്‍ ഇക്കുറി കപ്പ് വെസ്റ്റ് ഇന്‍ഡീസിനു തന്നെ!! തുറന്നു പറച്ചിലുമായി വരുണ്‍ ആരോണ്‍

ഇത്തവണത്തെ ട്വന്റി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും ചേര്‍ന്നാണ്.

ട്വന്റി20 ലോകകപ്പില്‍ രണ്ടു തവണ ചാമ്പ്യന്മാരായിട്ടുള്ള വിന്‍ഡീസ് ടീം കഴിഞ്ഞ കുറേക്കാലമായി അത്ര നല്ല പ്രകടനമല്ല നടത്തുന്നത്. എന്നിരുന്നാലും സ്വന്തം രാജ്യത്ത് നടക്കുന്ന ടൂര്‍ണമെന്റില്‍ അവരെ എഴുതി തള്ളാന്‍ ആര്‍ക്കുമാവില്ല.

ഐപിഎല്ലില്‍ ബാറ്റു കൊണ്ടും ബോള്‍ കൊണ്ടും ഒരേ പോലെ മികച്ച പ്രകടനം നടത്തുന്ന സുനില്‍ നരെയ്ന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് തിരികെയെത്താന്‍ വിസമ്മതിച്ചത് അവര്‍ക്ക് തിരിച്ചടിയാണ്.

വെസ്റ്റ് ഇന്‍ഡീസിനായി കളിക്കാന്‍ നരെയ്‌നെ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ് മാന്‍ പവല്‍ നിര്‍ബന്ധിച്ചെങ്കിലും ആ അധ്യായം കഴിഞ്ഞതാണെന്നായിരുന്നു നരെയ്‌ന്റെ മറുപടി.

ഐപിഎല്ലില്‍ 461 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതും 14 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാമതും താരമുണ്ട്.

അതിനിടെ,വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ഒരു സുപ്രധാന നിര്‍ദ്ദേശം നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. വിന്‍ഡീസ് ടീം ഗൗതം ഗംഭീറിനെ ഉപദേശകരായി നിയമിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

”വെസ്റ്റ് ഇന്‍ഡീസ് ഗൗതം ഗംഭീറിനെ അവരുടെ മെന്ററായി കൊണ്ടുവരണം. വിരമിക്കലില്‍ നിന്ന് പുറത്തുവരാന്‍ സുനില്‍ നരെയ്നെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ.

ഈ സീസണില്‍ നരെയ്ന്‍ അദ്ഭുതകരമായിരുന്നു, ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയും,” വരുണ്‍ ആരോണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. നരെയ്‌നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യിക്കാനുള്ള ഗംഭീറിന്റെ തീരുമാനം ഏറെ വിപ്ലവകരമായിരുന്നുവെന്ന് ഓരോ മത്സരം കഴിയുമ്പോഴും തെളിയുകയാണ്.

Related Articles

Back to top button