Cricket

ഓസീസ് ചോദിച്ചു വാങ്ങിയ വന്‍തിരിച്ചടി; ഇന്ത്യന്‍ ‘സ്വഭാവം’ മറന്നതിന്റെ വില അതിമാരകം!!

ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്കു പിന്നാലെ ദക്ഷിണാഫ്രിക്കയോടും അതിദയനീയമായി തകര്‍ന്നടിഞ്ഞ ഓസ്‌ട്രേലിയ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തിരിച്ചടിയേക്കാള്‍ അവരെ അലട്ടുക കളി കൈവിട്ട രീതി തന്നെയാണ്.

അനായാസമായതോ കൈപ്പിടിയിലൊതുക്കാന്‍ സാധിക്കുമായിരുന്നതോ ആയ 6 ക്യാച്ചുകളാണ് അവരുടെ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ആദ്യ ഓവര്‍ മുതല്‍ 49 മത്തെ ഓവര്‍ അവരുടെ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നു. സമീപകാലത്ത് ഒരിക്കല്‍ പോലും കാണാത്ത ദൃശ്യങ്ങളാണ് ലക്‌നൗവില്‍ ആരാധകര്‍ക്ക് കാണാനായത്.

യഥാര്‍ത്ഥത്തില്‍ ടീം സെലക്ഷന്‍ മുതല്‍ തുടങ്ങുന്നു ഓസീസിന്റെ തിരിച്ചടി. ആസ്റ്റണ്‍ ആഗറിന് പരിക്കേറ്റപ്പോള്‍ പകരമൊരു സ്പിന്നറെ കൊണ്ടു വരാത്തതും അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ തെളിയിക്കാത്ത ജോഷ് ഇന്‍ഗ്ലിസിനെ വിക്കറ്റ് കീപ്പറുടെ റോള്‍ എല്പിച്ചതും വലിയ തെറ്റായി പോയി.

മാത്യു വെയ്ഡിനെ പോലെ പരിചയസമ്പത്തും ഇന്ത്യന്‍ സാഹചര്യങ്ങളും നന്നായറിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഒഴിവാക്കി ഇന്‍ഗിസ്ലിനെ ചുമതലയേല്പിച്ച സെലക്ടര്‍മാര്‍ക്ക് അടിമുടി തെറ്റിയെന്ന് ആദ്യത്തെ രണ്ട് മല്‍സരങ്ങള്‍ അടിവരയിടുന്നു.

ലോകകപ്പിനായി ഇന്ത്യയില്‍ ആദ്യമെത്തിയ ടീമുകളിലൊന്ന് ഓസീസിന്റേതായിരുന്നു. അതിനു മുമ്പേ ഇന്ത്യയില്‍ വന്നെങ്കിലും ലോകകപ്പിന് മുമ്പ് ഇവിടെ രാജ്യാന്തര മല്‍സരം കളിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചിരുന്നില്ല.

പ്രധാന താരങ്ങള്‍ക്കെല്ലാം വേണ്ടത്ര വിശ്രമം അനുവദിച്ചാണ് ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കുമെതിരേ പരമ്പരയില്‍ ടീമിനെ ഇറക്കിയത്. എന്നിട്ടു പോലും അവര്‍ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ഓസീസിനെ പോലൊരു ടീമിനെ വെറും രണ്ട് കളികളിലെ തോല്‍വി കൊണ്ട് അളക്കാന്‍ സാധിക്കില്ലെങ്കിലും ഇതൊരു സൂചകം തന്നെയാണ്. ഓസ്‌ട്രേലിയ കഷ്ടപ്പെട്ട് ഗ്രൂപ്പ് റൗണ്ട് കടന്ന് ലോകകപ്പ് നേടിയ 1999 ല്‍ പോലും ഇതിലും നന്നായി തുടങ്ങാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

ഇത്തവണ എതിര്‍ ടീമുകളെ അര്‍ഹമായ പ്രാധാന്യത്തോടെ നേരിടുന്നതില്‍ കങ്കാരുക്കള്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യയ്‌ക്കെതിരേ അവര്‍ നടത്തിയ ബാറ്റിംഗ് ലോകകപ്പിലേക്കുള്ള ചൂണ്ടുപലകയായി വേണമെങ്കില്‍ എടുക്കാം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൈവിട്ട ക്യാച്ചുകള്‍ ടീമിന് വേണ്ട രീതിയില്‍ കളത്തിലെ ഏകഗ്രത പോലും ഇല്ലെന്ന് പറഞ്ഞാലും കൂടുതലാകില്ല. പ്രധാന രണ്ട് ടീമുകളോട് തിരിച്ചടി ഏറ്റതോടെ ഈ ലോകകപ്പിലെ അവരുടെ സാധ്യതകള്‍ എവിടെ വരെയെന്ന സംശയം ബലപ്പെടുത്തുന്നു.

ഇന്ത്യ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ സെമിയിലേക്കുള്ള വഴിയില്‍ ആദ്യത്തെ കടമ്പകള്‍ വിജയകരമായി പിന്നിട്ടിട്ടുണ്ട്. ഈ അവസ്ഥയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ആദ്യ റൗണ്ട് കടക്കാതെ കങ്കാരുക്കള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

Related Articles

Back to top button