Cricket

തന്ത്രങ്ങള്‍ മാറ്റിമാറ്റി ദ്രാവിഡിന്റെ ‘മിന്നല്‍’ ഗെയിംപ്ലാന്‍; വെള്ളംകുടിച്ച് എതിരാളികള്‍ വട്ടംകറങ്ങുന്നു!!

ഇത്തവണ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ടീം ഇന്ത്യ. ഓരോ കളിയിലും ആധികാരികമായിട്ടാണ് ടീമിന്റെ ഫിനിഷിംഗ്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ബാറ്റിംഗില്‍ തുടക്കത്തില്‍ 3 വിക്കറ്റുകള്‍ പെട്ടെന്ന് വീണെങ്കിലും പിന്നീടെല്ലാം ഇന്ത്യയുടെ കൈയിലായി.

ഇന്ത്യയുടെ ഈ മിന്നും ഫോമിനും തുടര്‍ വിജയങ്ങള്‍ക്കും കാരണം കോച്ച് രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ കൂടിയാണ്. ആവനാഴിയിലെ അമ്പെല്ലാം ഒന്നിച്ചെടുത്ത് ഉപയോഗിക്കുന്നതിന് പകരം ആവശ്യമുള്ള സമയത്ത് കൃത്യമായ ആയുധം ഉപയോഗിക്കുകയാണ് കോച്ചിന്റെ രീതി.

ഓരോ മല്‍സരത്തിലും പിച്ചിന്റെ സ്വഭാവം അനുസരിച്ചാണ് ദ്രാവിഡ് പ്ലെയിംഗ് ഇലവനെ സെറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് പലപ്പോഴും ഏതു രീതിയിലുള്ള തന്ത്രത്തിലൂന്നിയാണ് ഇന്ത്യ കളിക്കുന്നതെന്ന് മനസിലാക്കാതെ വരുന്നു.

ബൗളിംഗിലാണ് ഈ വ്യത്യസ്ത എതിര്‍ ടീമിനെ കൂടുതല്‍ കുഴയ്ക്കുന്നത്. ആദ്യ കളിയില്‍ ചെന്നൈയില്‍ ഓസീസിനെതിരേ 3 സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യ അണിനിരത്തിയിരുന്നു. എന്നാല്‍ അഫ്ഗാനെതിരേ ഇത് രണ്ടായി കുറഞ്ഞു.

നന്നായി പന്തെറിഞ്ഞിട്ടും അശ്വിനെ ഡല്‍ഹിയില്‍ കളിപ്പിക്കാത്തതിന് കാരണം പിച്ചിന്റെ സ്വഭാവവും എതിരാളികളുടെ കളിശൈലിയും ആണ്. അഫ്ഗാന്‍ സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന ടീമാണ്. അവരുടെ ടീമിന്റെ പ്രധാന വീക്ക്‌നസ് പേസര്‍മാരാണ്.

മാത്രമല്ല ഡെല്‍ഹിയിലെ പിച്ച് സ്പിന്നര്‍മാരെ ഒരുപരിധിയില്‍ കൂടുതല്‍ തുണയ്ക്കുന്നതുമല്ല. ഈ രണ്ട് സാഹചര്യങ്ങളും പരിഗണിച്ചാണ് ദ്രാവിഡ് ടീമിനെ സെറ്റാക്കിയത്. ഷാര്‍ദുല്‍ താക്കൂറിനെ കളിപ്പിച്ചതോടെ എക്‌സ്ട്ര ഓള്‍റൗണ്ടറെയും ഇന്ത്യയ്ക്ക് കിട്ടി.

പാക്കിസ്ഥാനെതിരേ അഹമ്മദാബാദില്‍ നടക്കുന്ന മല്‍സരത്തില്‍ ഒരുപക്ഷേ കുല്‍ദീപ് യാദവിന് പകരം അശ്വിന്‍ ടീമിലെത്തിയേക്കാം. പാക് ടീമില്‍ കൂടുതല്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ ഉള്ളതാണ് ഇതിനു കാരണം.

ഇത്തരത്തില്‍ സാഹചര്യത്തിന് അനുസരിച്ച് ടീം ലൈനപ്പില്‍ ഇന്ത്യ മാറ്റംവരുത്തുന്നത് എതിരാളികളെ പലപ്പോഴും കുഴയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ചൂടന്‍ കാലാവസ്ഥയില്‍ കളിക്കുന്നതിനൊപ്പം ഗെയിം പ്ലാന്‍ മാറ്റിമാറ്റി പരീക്ഷിക്കുന്ന ദ്രാവിഡ് ശൈലി എതിരാളികളെ വെള്ളം കുടിപ്പിക്കുന്നതാണ്.

ഏഷ്യന്‍ ടീമുകള്‍ക്കെതിരേ കൂടുതല്‍ പേസര്‍മാരെ കളിപ്പിച്ചും മറ്റ് ടീമുകള്‍ക്കെതിരേ സ്പിന്‍ ബാഹുല്യത്തോടെ നേരിടുകയെന്നതുമാകും ഇന്ത്യയുടെ ലോകകപ്പ് പദ്ധതി. ഓസീസ് വീണതും ഇന്ത്യയുടെ സ്പിന്‍ ത്രയത്തിലാണ്.

പരമാവധി മല്‍സരങ്ങള്‍ ആദ്യ ഘട്ടത്തില്‍ ജയിച്ച് ടെന്‍ഷന്‍ ഫ്രീയായി രണ്ടാം ഘട്ടത്തിലേക്ക് ഒരുങ്ങുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. മറ്റ് ടീമുകള്‍ പലതും തളര്‍ന്നും കിതച്ചും പോകുമ്പോഴാണ് ഇന്ത്യയുടെ എക്‌സ്പ്രസ് വേഗത്തിലുള്ള മുന്നോട്ടു പോക്കെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button