Cricket

വീണ്ടും എറിഞ്ഞൊതുക്കി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍; വീഴ്ത്തിയത് വമ്പന്മാരെ!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിന്റെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. മുംബൈ വിട്ട് ഗോവയ്ക്കു വണ്ടികയറിയ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് അര്‍ജുന്റെ ബൗളിംഗ്. ശക്തരായ ഉത്തര്‍പ്രദേശിനെ ചൊവ്വാഴ്ച്ച വീഴ്ത്തിയപ്പോള്‍ ഗോവയ്ക്ക് കരുത്തായത് അര്‍ജുന്റെ ബൗളിംഗാണ്.

വെറും 131 റണ്‍സാണ് ആദ്യം ബാറ്റുചെയ്തപ്പോള്‍ ഗോവയ്ക്ക് നേടാനായത്. എന്നാല്‍ ഈ സ്‌കോര്‍ പ്രതിരോധിക്കാന്‍ അര്‍ജുന്‍ നേതൃത്വം നല്‍കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ ഓവറില്‍ തന്നെ ഉത്തര്‍പ്രദേശ് ക്യാപ്റ്റന്‍ കരണ്‍ ശര്‍മയെ വീഴ്ത്തി അര്‍ജുനാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. ന്യൂബോള്‍ പങ്കിട്ട ലക്ഷ്യ ഗാര്‍ഗ് കൂടി ചേര്‍ന്നതോടെ യുപി പ്രതിരോധത്തിലായി. ആറോവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റിന് 39 റണ്‍സായിരുന്നു യുപിക്ക് ഉണ്ടായിരുന്നത്.

റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാട്ടി മറ്റു ബൗളര്‍മാര്‍ കൂടി രംഗത്തെത്തിയതോടെ കളി ഗോവയുടെ വഴിയിലായി. ഇതിനിടെ വെടിക്കെട്ടുകാരന്‍ സമീര്‍ ചൗധരിയെ വീഴ്ത്തി അര്‍ജുന്‍ വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. യുപിയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിന് 120 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. ഗോവയ്ക്ക് 11 റണ്‍സ് ജയം. അര്‍ജുന്‍ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

Related Articles

Back to top button