Cricket

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയോ !! സഞ്ജന ഗണേശന്റെ പോസ്റ്റിനെച്ചൊല്ലി ചര്‍ച്ച

ട്വന്റി20 ലോകകപ്പില്‍ ജൂണ്‍ ഒമ്പതിന് പാക്കിസ്ഥാനെതിരേ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയോ ? സൂപ്പര്‍ പേസറുടെ ഭാര്യ സഞ്ജന ഗണേശന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കൈമുട്ടിന് പരിക്കേറ്റ് രോഹിത് ശര്‍മ ബാറ്റിംഗിനിടെ ക്രീസ് വിട്ടിരുന്നു. ഇതേത്തുടര്‍ന്ന് രോഹിത് പാക്കിസ്ഥാനെതിരേ നടക്കുന്ന മത്സരത്തില്‍ കളിക്കില്ലെന്ന് അഭ്യൂഹം പ്രചരിക്കുകയായിരുന്നു.

പരിക്ക് സാരമുള്ളതല്ലെന്ന് രോഹിത് തന്നെ പറഞ്ഞിട്ടും പലരും ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. രോഹിതിനു പകരം വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ബുംറയുടെ ഭാര്യ സഞ്ജന ഗണേശന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘ജസ്പ്രീത് ടോസ് ചെയ്യുന്നത് വരെ കാത്തിരിക്കാനാവില്ല’ എന്നാണ് സഞ്ജന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

രോഹിത് ശര്‍മ്മയ്ക്ക് കളിക്കാനായില്ലെങ്കില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പാര്‍ദിക് പാണ്ഡ്യയായിരിക്കും പാക്കിസ്ഥാനെതിരേ ടോസ് ചെയ്യുന്നതെന്ന് ചില ആരാധകര്‍ സഞ്ജനയെ ഓര്‍മിപ്പിക്കുകയും ചെയ്തു.

ഒരു പക്ഷെ ഇത് തമാശ ആയിരിക്കാമെന്നാലും രോഹിത് കളിക്കില്ലെന്ന ആശങ്ക ചിലരിലെങ്കിലും ഉണ്ടാക്കാന്‍ ഈ പോസ്റ്റ് ഉപകരിച്ചേക്കും.

രോഹിത് കളിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണോ യശസ്വി ജയ്‌സ്വാളോ ഓപ്പണര്‍ റോളിലെത്തും എന്നാണ് കരുതപ്പെടുന്നത്.

അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 97 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ അനായാസം ജയം പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം പാക്കിസ്ഥാനാവട്ടെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയും ചെയ്തു. ഇനിയുള്ള മൂന്നു മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാനാവൂ.

Related Articles

Back to top button