Cricket

ജഡേജ വിരമിച്ചപ്പോള്‍ പകരം വരുന്നത് ഒരു ഒന്നൊന്നര താരം !! ജഡ്ഡു ഒഴിച്ചിട്ട സിംഹാസനത്തിന്റെ യഥാര്‍ഥ അവകാശി

ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രാജ്യാന്തര ട്വന്റി20യില്‍ നിന്ന് രവീന്ദ്ര ജഡേജ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഇന്ത്യന്‍ ടീം.

74 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ജഡേജ ഈ ഫോര്‍മാറ്റില്‍ 500 റണ്‍സും 50 വിക്കറ്റുമുള്ള അപൂര്‍വം താരങ്ങളിലൊരാളാണ്.

ടെസ്റ്റിലും ഏകദിനത്തിലും പുലര്‍ത്തിയ ആധിപത്യം ട്വന്റി20യില്‍ പുറത്തെടുക്കാനായില്ലെങ്കിലും പല നിര്‍ണായക ട്വന്റി20 മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ജഡേജയുടെ പകരക്കാരനെ തിരഞ്ഞുള്ള ടീമിന്റെ അന്വേഷണം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ബൗളിംഗ് ഓള്‍റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറിലാണ്.

2021ലെ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഓഫ് സ്പിന്നര്‍ ഇതിനകം തന്നെ ശ്രദ്ധേയമായ പ്രകടനം തന്നെ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-സിംബാബ് വെ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷിച്ചത് സുന്ദറിന്റെ ബാറ്റിംഗാണ്.

116 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 61ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നൂറ് കടത്തിയത് 27 റണ്‍സ് നേടിയ സുന്ദറിന്റെ ഇന്നിംഗ്‌സാണ്. മത്സരത്തില്‍ ഇന്ത്യ 13 റണ്‍സിന് പരാജയപ്പെട്ടെങ്കിലും സുന്ദറിന്റെ ഇന്നിംഗ്‌സ് ശ്രദ്ധിക്കപ്പെട്ടു.

നീണ്ട 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ട്വന്റി20 ടീമിലേക്ക് മടങ്ങിയെത്തിയ സുന്ദര്‍ അസാധാരണമായ ബൗളിംഗാണ് പുറത്തെടുത്തത്.

നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ടു വിക്കറ്റാണ് താരം നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച എക്കോണമി റേറ്റും സുന്ദറിനു തന്നെയായിരുന്നു.

ഇന്ത്യയെ മത്സരത്തില്‍ വിജയിപ്പിക്കാനായില്ലെങ്കിലും ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹം ഇന്നലെ കളിക്കളത്തില്‍ പുറത്തെടുത്തത്.

സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയെ അനുസ്മരിപ്പിക്കും വിധം സിംഗിളുകള്‍ക്ക് ശ്രമിക്കാതെ വമ്പന്‍ അടിയിലൂടെ ടീമിനെ വിജയിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തോടെ കളിക്കാനും അദ്ദേഹത്തിനായി. എന്നാല്‍ ഭാഗ്യം തുണയ്ക്കാതെ വന്നതോടെ ഇന്ത്യ തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു.

സുന്ദറിന്റെ ഈ പ്രകടനം ട്വന്റി20യില്‍ ജഡേജയുടെ യഥാര്‍ഥ പകരക്കാരനായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയാണ്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിലും സുന്ദര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button