Cricket

സെഞ്ചുറി മാത്രമല്ല, റോസോയ്ക്ക് അടിപൊളി റിക്കാര്‍ഡും!!

ബംഗ്ലാദേശിനെതിരായ നിര്‍ണായക ലോകകപ്പ് മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ റിലീ റോസോയെ തേടി അപൂര്‍വ റിക്കാര്‍ഡ്. ബംഗ്ലാദേശിനെതിരേ സിഡ്‌നിയില്‍ റോസോ അടിച്ചെടുത്തത് 56 പന്തില്‍ 109 റണ്‍സായിരുന്നു. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് ഈ ഇടംകൈയന്‍ നേടുന്നത്. ഇന്ത്യയ്‌ക്കെതിരേ നടന്ന പരമ്പരയിലെ അവസാന മല്‍സരത്തിലും റോസോ സെഞ്ചുറി അടിച്ചിരുന്നു.

ടെസ്റ്റ് പദവിയുള്ള രാജ്യങ്ങള്‍ക്കെതിരേ ഒരു താരം ഇത്തരത്തില്‍ 2 സെഞ്ചുറികള്‍ അടുപ്പിച്ചടുപ്പിച്ച് നേടുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇന്ത്യയ്‌ക്കെതിരേ ഇന്‍ഡോഫില്‍ 100 റണ്‍സ് നേടിയ ശേഷം സിംബാബ്‌വെയ്‌ക്കെതിരേ കളിച്ചിരുന്നെങ്കിലും ആ മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ബംഗ്ലാദേശിനെതിരേ 56 പന്തില്‍ 8 സിക്‌സറുകളും 7 ഫോറും ഉള്‍പ്പെടെയാണ് റോസോ സെഞ്ചുറി പടുത്തുയര്‍ത്തിയത്.

ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഉപേക്ഷിച്ച് ഇംഗ്ലീഷ് കൗണ്ടിയില്‍ കൊല്‍പാക് താരമായി പോയ ആളാണ് റിലീ റോസോ. പിന്നീട് അടുത്തിടെയാണ് വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു വരുന്നത്. രണ്ടാം വരവില്‍ തകര്‍പ്പന്‍ ഫോമിലാണ് റോസോ.

ഏതു കിടിലന്‍ ബൗളറെയും അനായാസം നേരിടാനുള്ള കഴിവാണ് റോസോയുടെ പ്രത്യേകത. സ്പിന്നര്‍മാരെ നേരിടാന്‍ കുഴങ്ങുന്ന പതിവ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരില്‍ നിന്നും വ്യത്യസ്തനാണ് അദേഹം. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം ആശ്രയിച്ചിരിക്കുന്നതും റോസോയിലാണ്.

Related Articles

Back to top button