Cricket

ഓറഞ്ച് ക്യാപ് നേടുന്നതു കൊണ്ട് ഐപിഎല്‍ വിജയിക്കണമെന്നില്ല!! കോഹ്‌ലിയെയും ടീമിനെയും പരിഹസിച്ച് അമ്പാട്ടി റായുഡു

ഐപിഎല്ലിന് പരിസമാപ്തിയായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേയുള്ള ആക്ഷേപങ്ങള്‍ തുടരുകയാണ്. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാട്ടി റായുഡുവാണ് ഇപ്പോള്‍ ആര്‍സിബിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കിരിടമുയര്‍ത്തിയതെങ്കിലും ഓറഞ്ച് ക്യാപ് നേടിയത് എലിമിനേറ്ററില്‍ തോറ്റ് പുറത്തായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സൂപ്പര്‍താരം വിരാട് കോഹ് ലിയാണ്.

ഇതിനു പിന്നാലെയായിരുന്നു അമ്പാട്ടി റായിഡുവിന്റെ പരിഹാസം. ഒരുമിച്ചുള്ള പ്രകടനമാണ് കിരീടത്തിലേക്കു നയിക്കുന്നതെന്നും ഓറഞ്ച് ക്യാപ് കിട്ടിയെന്നുവച്ച് കപ്പ് ലഭിക്കില്ലെന്നുമായിരുന്നു റായുഡുവിന്റെ പ്രതികരണം.

എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോടു തോറ്റ് ബംഗളൂരു പുറത്തായെങ്കിലും, സീസണില്‍ 741 റണ്‍സാണ് കോഹ് ലി നേടിയത്.

” കൊല്‍ക്കത്തയ്ക്ക് അഭിനന്ദനങ്ങള്‍. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം മികച്ച പ്രകടനങ്ങളിലൂടെ കിരീടനേട്ടത്തില്‍ പങ്കാളികളായി.

ഇങ്ങനെയാണ് ഐപിഎല്‍ വിജയിക്കേണ്ടത്. ഇതു നമ്മള്‍ വര്‍ഷങ്ങളായി കാണുന്നതാണ്. അല്ലാതെ ഓറഞ്ച് ക്യാപ് കൊണ്ട് ആര്‍ക്കും ഐപിഎല്‍ കിട്ടില്ല. പ്രധാന താരങ്ങളെല്ലാം 300 റണ്‍സൊക്കെ നേടി സംഭാവനകള്‍ നല്‍കുമ്പോഴാണു ടീമുകള്‍ വിജയിക്കുന്നത്.”

”കോലി ആര്‍സിബിയുടെ ഇതിഹാസ താരമാണ്. കോലിയുടെ പ്രകടനത്തിലെ നിലവാരം, യുവതാരങ്ങളെ സമ്മര്‍ദത്തിലാക്കുന്നു.” റായുഡു വ്യക്തമാക്കി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മോശം ഫോമിനു കാരണം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്ന് റായുഡു കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

ആര്‍സിബി മാനേജ്‌മെന്റ് വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണു പ്രാധാന്യം നല്‍കുന്നതെന്നും അതുകൊണ്ടാണു ടീം 17 സീസണ്‍ ആയിട്ടും കിരീടം നേടാത്തതെന്നും റായുഡു തുറന്നടിച്ചു.

അടുത്ത മെഗാലേലത്തിലെങ്കിലും ടീമിനു പ്രാധാന്യം നല്‍കുന്ന താരങ്ങളെ എടുക്കാന്‍ ആര്‍സിബി ശ്രമിക്കണമെന്നാണ് റായുഡുവിന്റെ ഉപദേശം. എന്തായാലും റായിഡുവിന്റെ പരിഹാസം കോഹ് ലിയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ രണ്ട് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിരാട് കോഹ്‌ലി.

Related Articles

Back to top button