Cricket

അഫ്ഗാന്‍ ലോകകപ്പിനരികെ; ദക്ഷിണാഫ്രിക്ക, ലങ്ക, വിന്‍ഡീസ് യോഗ്യത നേടില്ല!

അടുത്ത വര്‍ഷത്തെ ഐസിസി ലോകകപ്പിന് യോഗ്യതയ്ക്കരികെ എത്തി അഫ്ഗാനിസ്ഥാന്‍. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് അഫ്ഗാന്‍ നേരിട്ടുള്ള യോഗ്യതയ്ക്ക് അരികെ അവര്‍ എത്തിയത്. നിലവിലെ അവസ്ഥയില്‍ ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ക്ക് നേരിട്ട് യോഗ്യത കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്.

ഐഎസിസി വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് അഫ്ഗാന്‍. സൂപ്പര്‍ ലീഗില്‍ ഒരു ടീമിന് 24 മല്‍സരങ്ങളാണുള്ളത്. ലീഗില്‍ ആദ്യ 8 സ്ഥാനങ്ങളില്‍ ഉള്ളവര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.

നിലവില്‍ 13 മല്‍സരങ്ങള്‍ കളിച്ച അഫ്ഗാനിസ്ഥാന് 110 പോയിന്റാണുള്ളത്. അവര്‍ക്ക് ഇനി 11 മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതില്‍ നിന്നും രണ്ട് ജയമെങ്കിലും നേടാനായാല്‍ നേരിട്ട് യോഗ്യത കിട്ടും. 24 മല്‍സരങ്ങളും കളിച്ച വിന്‍ഡീസിന് വെറും 88 പോയിന്റ് മാത്രമാണുള്ളത്. ഇനി അവര്‍ക്ക് മല്‍സരങ്ങള്‍ അവശേഷിക്കുന്നില്ല.

വിന്‍ഡീസ് നിലവില്‍ എട്ടാം സ്ഥാനത്താണ്. എന്നാല്‍ ഇനി മല്‍സരങ്ങള്‍ ബാക്കിയില്ലാത്തതിനാല്‍ മറ്റ് ടീമുകള്‍ ജയിക്കുന്നതോടെ അവര്‍ പിന്നിലേക്ക് പോകും. ശ്രീലങ്ക 19 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 62 പോയിന്റോടെ പത്താം സ്ഥാനത്താണ്. ഇനിയുള്ള അഞ്ച് മല്‍സരങ്ങള്‍ ജയിച്ചാലും അവര്‍ക്ക് യോഗ്യത ഉറപ്പില്ല.

ദക്ഷിണാഫ്രിക്ക പക്ഷേ കൈയിലിരുപ്പ് കൊണ്ടാണ് നേരിട്ടുള്ള യോഗ്യതയില്‍ നിന്ന് പിന്നിലേക്ക് പോകുന്നത്. ദക്ഷിണാഫ്രിക്കന്‍ ഫ്രാഞ്ചൈസി ലീഗിന് വേണ്ടി അവര്‍ ഓസ്‌ട്രേലിയയുമായുള്ള 3 മല്‍സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. അതോടെ അവരുടെ ഈ മല്‍സരങ്ങളിലെ പോയിന്റുകളും നഷ്ടമായി. 16 കളിയില്‍ നിന്ന് 59 പോയിന്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ ഉള്ളത്.

മൂന്ന് മല്‍സരങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ ഫലത്തില്‍ 19 മല്‍സരങ്ങളില്‍ 59 പോയിന്റ്. ഇനി ബാക്കിയുള്ള 5 മല്‍സരങ്ങളും ജയിച്ചാല്‍ കിട്ടുക 50 പോയിന്റ്. ഈ പോയിന്റുകള്‍ കൂട്ടിയാലും യോഗ്യത റൗണ്ട് കളിക്കാതെ ലോകകപ്പിന് പോകാമെന്ന പ്രതീക്ഷ അവര്‍ക്കില്ല.

അടുത്ത വര്‍ഷം നടക്കുന്ന യോഗ്യത റൗണ്ടില്‍ നിന്നും വെറും രണ്ട് ടീമുകള്‍ക്ക് മാത്രമാകും ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ യോഗ്യത റൗണ്ട് കടുത്ത പോരാട്ടത്തിനാകും വേദിയാകുക.

Related Articles

Back to top button