Cricket

അവസാനം സംഗക്കാരയും നോ പറഞ്ഞു !! കോച്ചാവാന്‍ തയ്യാറെന്ന് തുറന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടറുമായ കുമാര്‍ സംഗക്കാര.

മുമ്പ് ഓസീസ് ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗും ജസ്റ്റിന്‍ ലാംഗറും പറഞ്ഞതിനു സമാനമായ കാരണങ്ങള്‍ നിരത്തിയാണ് സംഗക്കാരയും തന്റെ താല്‍പര്യമില്ലായ്മ അറിയിച്ചത്.

പരിശീലകനാവണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും പൂര്‍ണ സമയ പരിശീലകനാവാന്‍ തനിക്ക് സമയമില്ലെന്നും സംഗക്കാര പറഞ്ഞു.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടറെന്ന നിലയില്‍ സന്തുഷ്ടനാണെന്നും ഭാവിയില്‍ എങ്ങനെ പോകുമെന്ന് നോക്കാമെന്നും സംഗക്കാര പറഞ്ഞു.

നേരത്തെ ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേള ജയവര്‍ധനയെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ജയവര്‍ധനയും താല്‍പര്യം പ്രകടിപ്പിച്ചില്ല. ഓസ്‌ട്രേലിയന്‍ മുന്‍ നായകനും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകനായ മുന്‍ ഓസീസ് ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

എന്നാല്‍ ഇരുവരും മൂന്ന് വര്‍ഷ കരാറില്‍ പരിശീലകനാവാന്‍ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലാംഗറെയും പോണ്ടിംഗിനെയും കോച്ചാവാന്‍ സമീപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ തള്ളിയിരുന്നു.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തി. എന്നാല്‍ പരിശീലകനായുള്ള പരിചയക്കുറവ് തനിക്കുണ്ടെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കുന്നു.

പരിശീലകനായി കുറച്ച് കാര്യങ്ങള്‍ പഠിക്കാനുണ്ട്. വര്‍ഷങ്ങളായി കളിക്കളത്തിലുള്ള തനിക്ക് കാര്യങ്ങള്‍ താരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയും. ഏറ്റെടുക്കുന്ന ഏതൊരു കാര്യവും നന്നായി ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

എന്നാല്‍ ബിസിസിഐയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയില്ല. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് എബിഡിവില്ലിയേഴ്‌സ്. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ എബിഡി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വരാന്‍ ആരാധകര്‍ ഏറെ ആഗ്രഹിക്കുമെന്നുറപ്പാണ്. 27നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

Related Articles

Back to top button