FootballTop Stories

പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ യുവതാരം ഇനി ഗോകുലത്തില്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം ആയിരുന്ന സ്‌ട്രൈക്കര്‍ ശുഭ ഘോഷ് ഇനി ഐലീഗില്‍. ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പോയ താരത്തെ ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സിയാണ് സ്വന്തമാക്കിയത്. എടികെ മോഹന്‍ ബഗാനില്‍ നിന്ന് കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയിലെത്തിയ ശുഭയ്ക്ക് പക്ഷേ ഇതുവരെ സീനിയര്‍ ടീമിനായി കളത്തിലിറങ്ങാനുള്ള ഭാഗ്യം ലഭിച്ചില്ല.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഈസ്റ്റ് ബംഗാളിലേക്ക് ലോണില്‍ പോയിരുന്നു. അവിടെ കുറെയേറെ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഡ്യൂറന്റ് കപ്പില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് സംഘത്തില്‍ ശുഭ ഘോഷ് ഉണ്ട്. ട്രാന്‍സ്ഫര്‍ വിന്‍ഡൊ അടച്ച ഓഗസ്റ്റ് 31 ന് ആയിരുന്നു പുതിയ ക്ലബ്ബുമായി യുവ താരം കരാര്‍ ഒപ്പു വെച്ചത്. എന്നാല്‍, ഇക്കാര്യം ഇപ്പോഴാണ് പുറത്തു വരുന്നത് എന്നതാണ് ശ്രദ്ധേയം.

ഡ്യൂറന്റ് കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരം കളിച്ചതില്‍ രണ്ട് എണ്ണത്തില്‍ ശുഭ ഘോഷ് ബൂട്ട് അണിഞ്ഞിരുന്നു. ശുഭയുടെ പ്രെഫഷണല്‍ കരിയറിലെ വഴിത്തിരിവ് മോഹന്‍ ബഗാനൊപ്പം ഐലീഗ് കിരീടം നേടിയത്. മോഹന്‍ ബഗാന്‍ ഐ ലീഗ് കിരീടം നേടിയ സീസണില്‍ അവര്‍ക്കു വേണ്ടി നിര്‍ണായകമായ മൂന്ന് ഗോളുകളാണ് ഈ താരം നേടിയത്.

ഈ മൂന്ന് ഗോളുകളും ശുഭ ഘോഷ് നേടിയത് ഒരു പകരക്കാരനായി കളത്തിലിറങ്ങിയിട്ടാണ്. അതു കൊണ്ടു തന്നെ ഒരു സൂപ്പര്‍ സബ്ബ് ആയിട്ടാണ് ടീമുകള്‍ താരത്തെ ഉപയോഗിച്ചിരുന്നത്. ഗോള്‍ നേടുന്നതിനു പുറമേ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും മിടുക്കനാണ് ശുഭ ഘോഷ്.

മോഹന്‍ ബഗാന്‍ സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ക്ലബ്ബിന്റെ യൂത്ത് ടീമിനു വേണ്ടി സീ ബംഗ്ലാ അണ്ടര്‍-19 പ്രീമിയര്‍ ലീഗില്‍ ഗോളടിച്ച് കൂട്ടിയിരുന്നു യുവതാരം. ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button