Football

എന്റെ ടീമേ… യൂറോയില്‍ 24 വര്‍ഷത്തിനുശേഷം ഈ ടീമിന് ഇത് ആദ്യ ജയം!!

ഫിഫ ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും ഗ്ലാമറുള്ള ഫുട്ബോള്‍ പോരാട്ടമാണ് യൂറോ കപ്പ്. ലാറ്റിനമേരിക്കയുടെ കോപ്പ അമേരിക്ക ഉണ്ടെങ്കിലും യൂറോ കപ്പിന്റെ അത്ര ഗ്ലാമര്‍ അവിടില്ല. അതിന് ഒറ്റകാരണം മാത്രം, കോപ്പയില്‍ ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ എന്നിങ്ങനെ മൂന്ന് ലോകകപ്പ് ജേതാക്കള്‍ മാത്രമാണുള്ളത്. യൂറോയില്‍ ആകട്ടെ ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്പെയിന്‍ എന്നിങ്ങനെ അഞ്ച് ലോകകപ്പ് ജേതാക്കളുണ്ട്.

മാത്രമല്ല, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഫൈനല്‍ കളിച്ചത് ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ എന്നീ ടീമുകള്‍ മാത്രമാണ്. അതേസമയം, യൂറോയിലാകട്ടെ നെതര്‍ലന്‍ഡ്സ്, ഹംഗറി, ചെക് റിപ്പബ്ലിക്, സ്വീഡന്‍, ക്രൊയേഷ്യ ടീമുകള്‍ ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ യൂറോയിലെ ഓരോ ജയവും ഫൈനല്‍സിനെത്തുടന്ന ടീമുകള്‍ക്ക് നിര്‍ണായകവും അഭിമാന നിമിഷവുമാണ്. നീണ്ട 24 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം യൂറോ കപ്പില്‍ ജയം കുറിച്ച ഒരു ടീമുണ്ട്. 2024 യൂറോ ഗ്രൂപ്പ് ഇയില്‍ കളിക്കുന്ന റൊമാനിയയാണ് 24 വര്‍ഷത്തിനുശേഷം യൂറോ കപ്പില്‍ ഒരു ജയം സ്വന്തമാക്കിയത്.

ഗ്രൂപ്പ് ഇയില്‍ ബെര്‍ലിനിലെ അലിയന്‍സ് അരീനയില്‍വച്ച് നടന്ന മത്സരത്തില്‍ റൊമാനിയ 3-0ന് യുക്രെയ്നെ തകര്‍ത്തു. നിക്കോളേ സ്റ്റാന്‍സിയു (29ാം മിനിറ്റ്), റസ്വാന്‍ മാരിന്‍ (53ാം മിനിറ്റ്), ഡെനിസ് ഡ്രാഗസ് (57ാം മിനിറ്റ്) എന്നിവരായിരുന്നു റൊമാനിയയുടെ ചരിത്ര ജയത്തിനായി ഗോള്‍ സ്വന്തമാക്കിയത്.

2000 യൂറോ കപ്പിലാണ് ഇതിനു മുമ്പ് റൊമാനിയയുടെ ജയം. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ റൊമാനിയ 3-2ന് ഇംഗ്ലണ്ടിനെ അട്ടിമറിച്ചു. ഡേവിഡ് ബെക്കാനും മൈക്കിള്‍ ഓവനും അലന്‍ ഷിയററുമെല്ലാം അണിനിര ഇംഗ്ലണ്ട് ടീമിനെയാണ് റൊമാനിയ അന്ന് തകര്‍ത്തത്. ഇംഗ്ലണ്ടും ജര്‍മനിയും പോര്‍ച്ചുഗലും ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍നിന്ന് അന്ന് റൊമാനിയ രണ്ടാം സ്ഥാനത്തോടെ ക്വാര്‍ട്ടറിലും കടന്നിരുന്നു.

2000 യൂറോയില്‍ റൊമാനിയ ലൂയിസ് ഫിഗൊയും ജാവൊ പിന്റൊയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമെല്ലാം അണിനിരന്ന പോര്‍ച്ചുഗലിനോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനെ കീഴടക്കിയ റൊമാനിയ, ജര്‍മനിയുമായി സമനില സ്വന്തമാക്കി. അങ്ങനെ മൂന്ന് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച റൊമാനിയ, ക്വാര്‍ട്ടറില്‍ ഇറ്റലിയോട് പരാജയപ്പെടുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തില്‍ റൊമാനിയ ആദ്യമായും അവസാനമായും ക്വാര്‍ട്ടര്‍ കളിച്ചതും 2000ലാണ്.

2024 യൂറോ ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയത്തിനെതിരേയാണ് റൊമാനിയയുടെ അടുത്ത മത്സരം. സ്ലോവാക്യയോട് 1-0ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ബെല്‍ജിയം എത്തുന്നത്. ജൂണ്‍ 23നാണ് ബെല്‍ജിയം-റൊമാനിയ പോരാട്ടം.

Related Articles

Back to top button