FootballTop Stories

പാട്ട പെറുക്കി ഫുട്‌ബോള്‍ ലോകത്തെ കൈ വെള്ളയിലാക്കിയ കാന്റെ!

അജിത്ത് ജി. നായര്‍

1998, ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സ് ഫുട്ബോള്‍ ലോകകപ്പ് നേടി എന്നതായിരുന്നു ഫ്രഞ്ചുകാരെ സംബന്ധിച്ച് ഈ വര്‍ഷത്തിന്റെ പ്രത്യേകത. ഷൂസ്ത് ഫുന്തെയ്നും മിഷേല്‍ പ്ലാറ്റിനിയ്ക്കും കഴിഞ്ഞാത്ത നേട്ടം സിദാന്‍ എന്ന മാന്ത്രികനിലൂടെ ഫ്രാന്‍സ് കൈവരിക്കുമ്പോള്‍ രാജ്യമെമ്പാടുമുള്ള നിരവധി കുട്ടികളുടെ സ്വപ്നങ്ങളിലാണ് ഫുട്ബോള്‍ പടര്‍ന്നു കയറിയത്.

ആ സമയത്ത് പാരീസിലുള്ള ഒരു ഏഴുവയസുകാരന്‍ ബാലനില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടം ഒരു വിസ്ഫോടനം തന്നെ സൃഷ്ടിച്ചു. അവന്‍ അന്ന് അവന്റെ കൂട്ടുകാരോടു പറഞ്ഞു ‘ഒരു നാള്‍ ഞാന്‍ ഇത് നേടും’

1980 ല്‍ മാലിയില്‍ നിന്നു ഫ്രാന്‍സിലെ കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു കാന്റെ എന്ന ബാലന്‍. ബമാന സാമ്രാജ്യത്തിലെ രാജാവ് എന്‍ഗോളോ ദിയാറയുടെ പേര് മകന് ഇടുമ്പോള്‍ ആ മാതാപിതാക്കള്‍ ഒരു പക്ഷെ വിചാരിച്ചിട്ടുണ്ടാവില്ല, ആ മകന്‍ ഒരു നാള്‍ ഫുട്ബോള്‍ മൈതാനങ്ങളെ അടക്കി ഭരിക്കുന്ന രാജാവാകുമെന്ന്…

ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ട കാന്റെ മാതാവിന്റെ കഷ്ടപ്പാടുകള്‍ കണ്ട് ഏറെ ദുഖിച്ചിരുന്നു. ശുചീകരണത്തൊഴിലാളിയായിരുന്ന അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് കണ്ണു നിറഞ്ഞ ആ ബാലന്‍ അമ്മയെ സഹായിക്കാനായി കുപ്പിയും പാട്ടയും പെറുക്കുന്ന തൊഴിലിലേക്ക് തിരിയുകയായിരുന്നു.

ഈസ്റ്റേണ്‍ പാരീസിന്റെ നഗരപ്രാന്തങ്ങളില്‍ അങ്ങോളമിങ്ങോളം പാട്ട പെറുക്കി കാന്റെ ദിവസവും താണ്ടിയിരുന്നത് കിലോമീറ്ററുകളായിരുന്നു. ഇത്തരത്തില്‍ പെറുക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യുന്ന സ്ഥാപനങ്ങളിലെത്തിക്കുമ്പോള്‍ കൈയ്യില്‍ ലഭിക്കുന്ന തുകയായിരുന്നു കാന്റെയുടെ സന്തോഷം. തന്റെ കുടുംബത്തെ താങ്ങി നിര്‍ത്താന്‍ തനിക്ക് ഈ ജോലി അത്യാവശ്യമാണെന്ന് അയാള്‍ വിശ്വസിച്ചു.

1998ലെ ഫുട്ബോള്‍ ലോകകപ്പ് ഫ്രാന്‍സില്‍ നടക്കുന്നുവെന്ന് അറിഞ്ഞതോടെ തന്റെ തൊഴിലിടം ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ പരിസരമാക്കി കാന്റെ മാറ്റി. കളി കാണാന്‍ വരുന്ന ആയിരക്കണക്കിന് ആരാധകര്‍ വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ ശേഖരിക്കാം എന്നതായിരുന്നു ആ ഉദ്ദേശ്യത്തിനു പിന്നില്‍.

ലോകകപ്പ് നടന്ന ഏറ്റവും പ്രധാന സ്റ്റേഡിയം അവന്റെ വീടിനടുത്തുള്ളത് ആയതിനാല്‍ കാന്റെയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. കളി പ്രദര്‍ശിപ്പിച്ചിരുന്ന ഹോട്ടലുകളുടെ ചത്വരങ്ങളും കാന്റെയ്ക്ക് തൊഴിലിടങ്ങളായി.

എന്നാല്‍ 98ലെ ലോകകപ്പിനു ശേഷം കാന്റെ കണ്ടത് മറ്റൊരു ഫ്രാന്‍സിനെയാണ്. ഫ്രാന്‍സിന്റെ ഫുട്ബോള്‍ ഭാവി കുടിയേറ്റക്കാരുടെ ചുമലിലാണെന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ വിശ്വവിജയം.

ഈ വിജയത്തിന്റെ ക്രെഡിറ്റ് തിയറി ഒന്റി, സിനദിന്‍ സിദാന്‍, പാട്രിക് വിയേര, ലിലിയന്‍ തുറാം, നിക്കോളാസ് അനല്‍ക്ക തുടങ്ങിയ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്ക് അവകാശപ്പെട്ടതായിരുന്നുവെന്ന് കാന്റെ തിരിച്ചറിഞ്ഞു.

ലോകകപ്പിനു ശേഷം തന്റെ വീടിനടുത്ത് നിരവധി ഫുട്ബോള്‍ അക്കാദമികള്‍ ഉയരുന്ന കാഴ്ചയാണ് കാന്റെ കണ്ടത്. അന്ന് എട്ടു വയസ് മാത്രമായിരുന്നു അവന്റെ പ്രായം. അധികം വൈകാതെ തന്നെ അവന്റെ മോഹം സാക്ഷാത്കരിക്കപ്പെട്ടു. പാരീസിന്റെ നഗരപ്രാന്തത്തിലുള്ള ജെഎസ് സുര്‍നെ എന്ന ക്ലബിലേക്ക് അവന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ക്ലബിലെ ഏറ്റവും ചെറിയ താരമായിരുന്നു കാന്റെ, ഇവന്‍ എവിടെ നിന്നു വന്നുവെന്നും എങ്ങനെ അക്ഷീണനായി ഇത്രനേരം കളിക്കളത്തില്‍ തുടരുന്നുവെന്നുമായിരുന്നു ഒട്ടുമിക്ക സഹതാരങ്ങളുടെയും അദ്ഭുതം. ക്ലബിലെ മറ്റു താരങ്ങളേക്കാളും ഏകദേശം മൂന്നു വയസ്സിന് ഇളപ്പമായിരുന്ന കാന്റെയുടെ കളി പക്ഷെ അവരെയെല്ലാം കവച്ചു വെക്കുന്നതായിരുന്നു,

ഉയരക്കുറവ് കാന്റെയ്ക്ക് ഒരു തടസമേയല്ലായിരുന്നു. വേഗം കൊണ്ടും പന്തടക്കം കൊണ്ടും കാന്റെ ഏവരെയും അമ്പരപ്പിച്ചു. ക്ലബിലെത്തി നാലു വര്‍ഷം കൊണ്ട് ടീമിലെ ഏറ്റവും വിശ്വസ്തനായ കളിക്കാരനെന്ന് പേരെടുക്കാന്‍ കാന്റെയ്ക്കായി.

ഒരിക്കല്‍ കാന്റെയുടെ യൂത്ത് കോച്ച് വോക്കിട്ടിന കാന്റെയോടു തമാശയായി പറഞ്ഞത് 50 തവണ വീതം ഇരു കാലുകൊണ്ടും തലകൊണ്ടും പന്ത് നിലം തൊടാതെ തട്ടാന്‍ നിനക്ക് രണ്ടു മാസം സമയം തരുകയാണെന്നായിരുന്നു. എന്നാല്‍ നിഷ്‌കളങ്കനായ കാന്റെ അത് അക്ഷരംപ്രതി അനുസരിച്ചു. രണ്ടു മാസത്തിനു ശേഷം കാന്റെ പറഞ്ഞത് ചെയ്തു കാണിച്ചപ്പോള്‍ കോച്ച് തന്നെ അമ്പരന്നു പോയി. അതിനു ശേഷം അവനോടൊന്നും പറഞ്ഞിട്ടില്ലെന്ന് കോച്ച് പറയുന്നു.

ഏകദേശം 11 വര്‍ഷം സുര്‍നെയില്‍ കളിച്ച ശേഷമാണ് 2010ല്‍ വടക്കന്‍ ഫ്രാന്‍സിലുള്ള ബൊളോഞ്ഞ സുര്‍ മെറിലേക്ക് കാന്റെ കൂടുമാറുന്നത്. അത് കാന്റെയുടെ കരിയറില്‍ നിര്‍ണായക വഴിത്തിരിവായി. ക്ലബിന്റെ യൂത്ത് ടീമിലൂടെ കളി തുടങ്ങിയ കാന്റെ രണ്ടു വര്‍ഷത്തിനുള്ളില്‍ സീനിയര്‍ ടീമില്‍ ഇടം പിടിച്ചു. മൂന്നാം ഡിവിഷനിലായിരുന്നു കളി.

പിന്നീട് ഒരു വര്‍ഷം സീനിയര്‍ ടീമിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവച്ച കാന്റെ 2013ല്‍ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ കോനിലെത്തി. സീസണിലെ 38 മത്സരങ്ങളിലും ബൂട്ട് കെട്ടിയ കാന്റെയുടെ പ്രകടന മികവില്‍ ടീം ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലീഗ് വണിലേക്ക് പ്രൊമോഷന്‍ നേടുകയും ചെയ്തു.

അടുത്ത സീസണിലും പ്രകടനം തുടര്‍ന്നതോടെ ലെസ്റ്ററിന്റെ ഇതിഹാസ താരം സ്റ്റീവ് വാല്‍ഷ് കാന്റെയെ നോട്ടമിട്ടു. അധികം വൈകാതെ ടീമിലെത്തിക്കുകയും ചെയ്തു. തുടര്‍ന്നു നടന്നത് ചരിത്രമായിരുന്നു. ക്ലോഡിയോ റാനിയേരി പരിശീലകനായ ടീം വമ്പന്മാരെയെല്ലാം തോല്‍പ്പിച്ച് ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് കിരീടം ചൂടുമ്പോള്‍ ടീമിന്റെ എഞ്ചിനായി പ്രവര്‍ത്തിച്ചത് കാന്റെയല്ലാതെ മറ്റാരുമായിരുന്നില്ല.

ആ സീസണില്‍ 175 ടാക്കിളുകളും 157 ഇന്റര്‍സെപ്ഷനുകളും നടത്തിയ കാന്റെ ഈ കണക്കുകളില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. ലെസ്റ്ററില്‍ നിന്നും പ്രീമിയര്‍ ലീഗ് ടീം ഓഫ് ദി ഇയറിലേക്ക് തീരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ ഒരാള്‍ എന്‍ഗോളോ ആയിരുന്നു. ലെസ്റ്ററിന്റെ കിരീട നേട്ടത്തില്‍ ഞെട്ടിയ വമ്പന്‍ ടീമുകള്‍ പിന്നീട് ലെസ്റ്ററിലെ താരങ്ങളെ പങ്കിട്ടെടുക്കാനുള്ള തത്രപ്പാടിലായിരുന്നു.

അങ്ങനെയാണ് 2016ല്‍ 32 മില്യണ്‍ പൗണ്ടിന് കാന്റെ ചെല്‍സിയില്‍ എത്തുന്നത്. റാമിറസ് ഒഴിച്ചിട്ട ഏഴാം നമ്പര്‍ ജേഴ്സി ടീം കാന്റെയ്ക്ക് നല്‍കി. ആര്‍സണലായിരുന്നു താരത്തെ ആദ്യം ടീമിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഏജന്റ് ഫീയായി ഒരു പത്ത് മില്ല്യണ്‍ കൂടി ചിലവാക്കേണ്ടിവരും എന്നുള്ളത് കൊണ്ട് അവര്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ലെസ്റ്ററില്‍ നിന്നും ചെല്‍സിയിലെത്തിയ കാന്റെ ഏറ്റവുമധികം മിസ്സ് ചെയ്തത് തന്റെ ബാര്‍ബറായ നാജി നഗിയെയാണ്. ഒരു കസ്റ്റമര്‍ എന്നതിനേക്കാളും ഇരുവരും തമ്മിലുള്ള സൗഹൃദം ഒരുപാട് വളര്‍ന്നിരുന്നു. അതിനാല്‍ തന്നെ ആ ബന്ധം മുറിക്കാന്‍ കാന്റെ തയ്യാറായില്ല. ഇപ്പോഴും തന്റെ മുടിവെട്ടാന്‍ ഏതാണ്ട് 130 മൈലുകള്‍ താണ്ടി വരാനുള്ള ഒരു തുക അദ്ദേഹം നഗിയ്ക്ക് നല്‍കുന്നുണ്ട്.

ഒരവസരത്തില്‍ അദ്ദേഹം കുടുംബസമേതം ലണ്ടനിലേക്ക് വന്ന് ഒരു രെജിസ്റ്റേഡ് ചെല്‍സി ഫാന്‍ ആവണമെന്ന മോഹം പങ്കുവെച്ചിരുന്നു. ചെല്‍സിയ്ക്കായുള്ള അരങ്ങേറ്റ സീസണില്‍ തന്നെ കാന്റെ പിഎഫ്എ പ്ലയര്‍ ഓഫ് ദി ഇയറും, പിഡബ്ല്യൂഎ ഫുട്ബോളര്‍ ഓഫ് ദി ഇയറും, പ്രീമിയര്‍ ലീഗ് പ്ലയര്‍ ഓഫ് ദി സീസണുമായി.

വ്യത്യസ്ഥമായ രണ്ടു ക്ലബുകളില്‍ കളിച്ച് തുടര്‍ച്ചയായി പ്രീമിയര്‍ ലീഗ് കിരീടം എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കാനും കാന്റെയ്ക്കായി. പിന്നീട് ചെല്‍സിക്കായി പല പ്രമുഖ കിരീടങ്ങളും നേടാന്‍ താരത്തിനായി. ഫിറ്റല്ലാഞ്ഞിട്ടു കൂടി കളത്തിലിറങ്ങി ആര്‍സണലിനെ 4-1 തകര്‍ത്ത 2018-19 സീസണിലെ യൂറോപ്പാ ലീഗ് ഫൈനല്‍ ചെല്‍സി ആരാധകര്‍ക്ക് മറക്കാനാവൂമോ ?

കാന്റെയുടെ മൂല്യം തിരിച്ചറിഞ്ഞ ചെല്‍സി താരത്തിന്റെ കോണ്‍ട്രാക്ട് വീണ്ടും പുതുക്കിയതോടെ ടീമിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ ഗണത്തിലേക്ക് കാന്റെ ഉയര്‍ന്നു. പാഴ് വസ്തുക്കള്‍ പറക്കുന്ന ജോലിയില്‍ നിന്നും ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ നിരയിലേക്കുള്ള യാത്ര ആ ആത്മാര്‍പ്പണത്തിന്റെ ബാക്കിപത്രമായിരുന്നു.

2019-20 സീസണുകളില്‍ പരിക്കിനാല്‍ വലഞ്ഞ കാന്റെ ഈ സീസണില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് ഫുട്ബോള്‍ ലോകം കണ്ടത്. ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ഏറ്റവും പങ്കുവഹിച്ചത് കാന്റെയുടെ കഠിനാധ്വാനം തന്നെയായിരുന്നു.

സെമിഫൈനലിലെയും ഫൈനലിലെയും മാന്‍ ഓഫ് ദ മാച്ച് നേട്ടങ്ങള്‍ ഇത് അരക്കിട്ടുറപ്പിക്കുന്നതാണ്. ഈ സീസണില്‍ ചെല്‍സി മിഡ്ഫീല്‍ഡില്‍ കാന്റെ നടത്തിയ ഫോര്‍വേര്‍ഡ് റണ്ണുകളാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. മിഡ്ഫീല്‍ഡിലും, എതിരാളികളുടെ ഡിഫന്‍സീവ് ലൈനിലുമുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്താനും അവിടേക്ക് പന്തെത്തിക്കാനും കാന്റെ ഉപയോഗിച്ച വേഗതയെയും ടെക്നിക്കിനെയും എത്ര പ്രശംസിച്ചാലും മതിയാവില്ല.

ചെറിയ ശരീരത്തെച്ചൊല്ലി പരിതപിക്കുന്ന ഏവര്‍ക്കും മാതൃകയാക്കാനാവുന്ന വ്യക്തിയാണ് കാന്റെ. തന്നേക്കാള്‍ ഏറെ വലിയ എതിരാളികളില്‍ നിന്ന് കാന്റെ പന്തു റാഞ്ചുന്നത് കണ്ടിരിക്കേണ്ട കാഴ്ചയാണ്.

”ഭൂമിയുടെ 75 ശതമാനം വെള്ളത്താല്‍ ചുറ്റപ്പെട്ട് കിട്ടുന്നുവെങ്കില്‍ ബാക്കി 25 എന്‍ഗോളോ കാന്റെയാല്‍ നിറഞ്ഞിരിക്കുന്നു’ എന്നാണ് പലരും ഈ ഫ്രഞ്ച് താരത്തെപ്പറ്റി പറയുന്നത്. ശരാശരി 11 കിലോമീറ്ററാണ് കാന്റെ ഒരു മത്സരത്തില്‍ പിന്നിടുന്ന ദൂരം. പ്രീമിയര്‍ ലീഗില്‍ തന്നെ ഇതിനോടു കിടപിടിക്കുന്ന താരങ്ങള്‍ കുറവാണ്.

പ്രീമിയര്‍ ലീഗ് സ്റ്റാറ്റിക്സ്റ്റിക്സ് പ്രകാരം ഓരോ 25 മത്സരങ്ങളുടെ കണക്കെടുത്താലും അതില്‍ കുറഞ്ഞത് 147 ഡുവലുകള്‍ കാന്റെ ജയിക്കുന്നതായി കാണാം. ഒരു 169 സെന്റിമീറ്റര്‍ ഉയരമുള്ള, 68 കിലോ ഗ്രാം ഭാരമുള്ള താരത്തെ സംബന്ധിച്ചിടത്തോളം ഈ കണക്ക് അസാധാരണമാണ്. 2018 ല്‍ ഫ്രാന്‍സിനായി ലോകകപ്പ് നേടിയ ശേഷം താരങ്ങള്‍ ഓരോരുത്തരായി കപ്പും പിടിച്ച് നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ കാന്റെ ഒരു വശത്ത് ഒതുങ്ങി മാറി നിന്നു.

ഒടുവില്‍ സഹതാരങ്ങള്‍ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചത്. നേട്ടങ്ങളില്‍ മതിമറക്കാന്‍ കാന്റെ ഒരിക്കലും ഒരുക്കമായിരുന്നില്ല. മറ്റു താരങ്ങള്‍ കോടികള്‍ വിലയുള്ള കാറുകള്‍ വാങ്ങുമ്പോഴും തന്റെ പഴയ മിനികൂപ്പറിലാണ് കാന്റെയുടെ യാത്ര.

Related Articles

Leave a Reply

Back to top button