Football

കളത്തിലേക്ക് ജര്‍മന്‍ താരങ്ങള്‍ ഒളിച്ചു കടത്തിയത് ‘ലെയ്‌സ്’; ന്യൂവറിന് പരിശോധന!

അനുദിനം പ്രതിഷേധങ്ങളിലൂടെയും വിവാദങ്ങളിലുടെയും അതിനൊപ്പം മികച്ച പോരാട്ടങ്ങളിലൂടെയും കടന്നു പോകുകയാണ് ഫിഫ ലോകകപ്പ്. സ്വവര്‍ഗ രതിക്കാരെ പിന്തുണയ്ക്കുന്ന വണ്‍ ലവ് കാംപെയ്‌നുമായിട്ടാണ് വിവിധ യൂറോപ്യന്‍ ടീമുകള്‍ ഖത്തറിലേക്ക് വിമാനം കയറിയത്. എന്നാല്‍ ഫിഫയും ഖത്തറും ഐകദാര്‍ഡ്യത്തിന് വിലക്ക് പ്രഖ്യാപിച്ചതോടെ പ്രതിഷേധം മറ്റു രീതിയിലായി.

ജപ്പാനെതിരായ മല്‍സരത്തിനു മുമ്പ് ജര്‍മന്‍ താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ കൈകൊണ്ട് മുഖം മറച്ചുപിടിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു. ഇപ്പോഴിതാ അടുത്ത വിവാദം വന്നിരിക്കുകയാണ്. ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂവറെ മാച്ച് ഒഫീഷ്യല്‍സ് കളിക്കു തൊട്ടുമുമ്പ് ഗോള്‍പോസ്റ്റിന് മുന്നില്‍ വച്ച് പരിശോധിച്ചുവെന്നതാണ് അത്.

ജര്‍മനി അടക്കമുള്ള ടീമുകള്‍ വണ്‍ ലവ് ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഞ്ഞക്കാര്‍ഡ് കിട്ടുമെന്ന് പറഞ്ഞതോടെ ടീമുകള്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറി. എന്നിരുന്നാലും ആതിഥേയരെ പിണക്കാതിരിക്കാന്‍ വേണ്ടി ഫിഫ അടിമുടി പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മാച്ച് ഒഫീഷ്യല്‍സ് ന്യൂവറെ പരിശോധിച്ചതെന്നാണ് വിവിധ ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ജര്‍മന്‍ മന്ത്രി നാന്‍സി ഫെസര്‍ ഗ്യാലറിയില്‍ കളി കണ്ടത് റെയിന്‍ബോ ബാന്‍ഡ് കൈയില്‍ ധരിച്ചാണ്. ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോയും ഖത്തര്‍ മന്ത്രിയും ഈ സമയം ഒപ്പമുണ്ടായിരുന്നു. വലിയ വാര്‍ത്താപ്രാധാന്യം നേടാനും മന്ത്രിയുടെ സാന്നിധ്യത്തിന് സാധിച്ചു.

അതേസമയം, ന്യൂവര്‍ അടക്കം ആറു ജര്‍മന്‍ താരങ്ങള്‍ റെയിന്‍ബോ നിറത്തിലുള്ള ഷൂസ് ലെയ്‌സ് അണിഞ്ഞാണ് കളത്തിലിറങ്ങിയത്. ഇക്കാര്യത്തില്‍ പക്ഷേ ഫിഫയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്തതിനാല്‍ കളിക്കാര്‍ക്ക് നേരെ പിഴ ചുമത്താനും സാധിച്ചില്ല.

Related Articles

Back to top button