Cricket

വിന്‍ഡീസ് അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തലയുയര്‍ത്തി യുഎഇ

ലോകകപ്പിന് മുന്നോടിയായി നടക്കുന്ന വാംഅപ്പ് മല്‍സരത്തില്‍ യുഎഇയ്ക്ക് മുന്നില്‍ വിയര്‍ത്തു ജയിച്ച് ശക്തരായ വെസ്റ്റ് ഇന്‍ഡീസ്. ശക്തമായ പോരാട്ടം കണ്ട മല്‍സരത്തില്‍ വെറും 17 റണ്‍സിനാണ് യുഎഇ കീഴടങ്ങിയത്. സ്‌കോര്‍: വിന്‍ഡീസ് 152-9, യുഎഇ 135-6.

ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിന് തുടക്കം മുതല്‍ നല്ല രീതിയില്‍ മുന്നേറാന്‍ സാധിച്ചില്ല. 22 റണ്‍സ് എടുക്കുന്നതിനിടെ അവര്‍ക്ക് ആദ്യ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ബ്രെണ്ടന്‍ കിംഗും നിക്കോളസ് പൂരാനും 95 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതാണ് കരീബിയന്‍ ടീമിനെ രക്ഷപ്പെടുത്തിയത്. എങ്കിലും വലിയൊരു സ്‌കോറിലേക്ക് വിന്‍ഡീസിന് പോകാന്‍ സാധിച്ചില്ല.

കൃത്യമായ ബൗളിംഗിലൂടെ യുഎഇ എതിരാളികളെ പിടിച്ചുകെട്ടി. ആകെ മൂന്നു പേര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നുള്ളുവെന്നത് യുഎഇ ബൗളിംഗിന്റെ കരുത്താണ് കാണിച്ചത്. വിന്‍ഡീസിനായി കിംഗ് 64 റണ്‍സെടുത്തു. പൂരാന്റെ സംഭാവന 31 പന്തില്‍ 46 റണ്‍സാണ്. 4 ഓവറില്‍ 13 റണ്‍സ് വഴങ്ങി ജുനൈദ് സിദ്ധിഖി 5 വിക്കറ്റുകള്‍ പിഴുതു.

മറുപടി ബാറ്റിംഗില്‍ യുഎഇയ്ക്ക് തുടക്കത്തിലേ ചിരാഗ് സൂരിയെ (9) നഷ്ടപ്പെട്ടു. എന്നാല്‍ 52 പന്തില്‍ 69 റണ്‍സെടുത്ത തട്ടുപൊളിപ്പന്‍ ഓപ്പണര്‍ മുഹമ്മദ് വസീം അവരെ മുന്നോട്ടു നയിച്ചു. മധ്യനിരയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്തതാണ് വിന്‍ഡീസിനെ വീഴ്ത്താന്‍ യുഎഇയ്ക്ക് സാധിക്കാത്തതിന് കാരണം.

Related Articles

Back to top button