Cricket

ഇംഗ്ലണ്ടിനായി കളിക്കുകയാണ് പ്രധാനം !! ഐപിഎല്ലില്‍ നിന്ന് ഇംഗ്ലീഷ് കളിക്കാരെ തിരികെ വിളിച്ച നടപടിയെ ന്യായീകരിച്ച് ബട്‌ലര്‍

ഐപിഎല്‍ നടക്കുന്ന സമയത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ ഒഴിവാക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍.
ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിക്കുകയെന്നതാണ് തന്റെ പ്രധാനലക്ഷ്യമെന്നും ബട്ലര്‍ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്ന താരങ്ങളെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തിരികെ വിളിച്ചിരുന്നു. ഇത് രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെ പല ടീമുകള്‍ക്കും തിരിച്ചടിയായിരുന്നു.

ഫിലിപ്പ് സോള്‍ട്ട്, മോയിന്‍ അലി, ജോഷ് ബട്‌ലര്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരാണ് പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കായി ദേശീയ ടീമിനൊപ്പം ചേര്‍ന്നത്. ഇന്നാണ് പരമ്പരയിലെ ആദ്യമത്സരം.

ഐപിഎല്ലില്‍ നിന്നും ഇംഗ്ലണ്ട് ടീം കളിക്കാരെ തിരികെ വിളിച്ച നടപടിയെയും ബട്ലര്‍ ന്യായീകരിച്ചു. ഐപിഎല്‍ സമയത്ത് മറ്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നും ഉണ്ടാകരുത്.

ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജ്യത്തിന് കളിക്കുകയെന്നതാണ് തന്റെ പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനുമായുള്ള മത്സരം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമാണ് ബട്ലര്‍.

ഏപ്രിലിലാണ് ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. മെയ് 22ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ നാല് മത്സരങ്ങളുള്ള പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുന്നത്.

എല്ലാ ടീമുകള്‍ക്കും മെയ് 25 വരെ അവരുടെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദമുണ്ട്, അതിനുശേഷം എന്തെങ്കിലും മാറ്റത്തിന് ഐസിസിയുടെ ഇവന്റ് ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്.

ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് പാതിവഴിയില്‍ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ താരങ്ങളും ആരാധകരുമടക്കമുള്ളവര്‍ ഇതിനെതിരേ രംഗത്തു വന്നിരുന്നു. ഇടയ്ക്കു വച്ചു പിന്മാറാനാണെങ്കില്‍ എന്തിന് പണം വാങ്ങിച്ചുവെന്നും ബാക്കിപ്പണം തിരികെ നല്‍കണമെന്നുമാണ് പലരും പറഞ്ഞത്.

Related Articles

Back to top button