Cricket

വൈസ് ക്യാപ്റ്റനായി സഞ്ജുവിന്റെ തിരിച്ചുവരവ് !! ഇന്ത്യയ്ക്ക് മികച്ച വിജയം

സിംബാബ് വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 23 റണ്‍സ് വിജയം. മലയാളി താരം സഞ്ജു സാംസണ്‍ പരമ്പരയില്‍ ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ, ഖലീല്‍ അഹമ്മദ് എന്നിവരും അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചു.

അതേസമയം ധ്രുവ് ജൂറല്‍, റിയാന്‍ പരാഗ്, സായ് സുദര്‍ശന്‍, മുകേഷ് കുമാര്‍ എന്നിവര്‍ പുറത്തിരിക്കുകയും ചെയ്തു.

സീനിയര്‍ ടീമില്‍ സഞ്ജു ആദ്യമായാണ് വൈസ് ക്യാപ്റ്റനായി കളിക്കാനിറങ്ങുന്നത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്കായി അവസാന ഓവറുകളിലാണ് സഞ്ജു ബാറ്റു ചെയ്യാനെത്തിയത്.

ഏഴു പന്തുകള്‍ നേരിട്ട സഞ്ജു 12 റണ്‍സുമായി പുറത്താകാതെനിന്നു. 20ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടിയ സഞ്ജുവാണ് സ്‌കോര്‍ 180 കടത്തിയത്.

ട്വന്റി20 ലോകകപ്പിലെ ഒരു മത്സരത്തിലും പ്ലേയിങ് ഇലവനില്‍ കളിക്കാന്‍ സഞ്ജുവിന് ഭാഗ്യം ലഭിച്ചില്ല. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ മാത്രമാണു താരം കളിക്കാനിറങ്ങിയത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനം വൈകിയതും ലോകകപ്പ് ആഘോഷവും കാരണം സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നില്ല.

മൂന്നാം ട്വന്റി20യില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട ഗില്‍ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളില്‍നിന്ന് 49 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദും 27 പന്തില്‍ 36 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളും മികച്ച പ്രകടനം കാഴ്ച വച്ചു. സിംബാബ് വെയ്ക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ബ്ലെസിംഗ് മുസര്‍ബാനിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

49 പന്തില്‍ പുറാത്താകാതെ 65 റണ്‍സെടുത്ത ഡിയോണ്‍ മയേഴ്‌സാണ് ആതിഥേയ നിരയിലെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 37 റണ്‍സ് എടുത്ത ക്ലൈവ് മന്ദാഡെയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. നാലോവറില്‍ 15 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറിന്റെ ബൗളിംഗ് പ്രകടനമാണ് സിംബാബ് വെയെ തകര്‍ത്തത്. ആവേശ് ഖാന്‍ രണ്ടും ഖലീല്‍ അഹമ്മദ് ഒന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി. സുന്ദറാണ് കളിയിലെ താരം.

വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. 13നാണ് പരമ്പരയിലെ നാലാം മത്സരം.

Related Articles

Back to top button