Cricket

6 വിക്കറ്റും 62 റണ്‍സും!! വെങ്കിടേഷ് അയ്യറിന്റെ താണ്ഡവം!!

സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ ഓള്‍റൗണ്ട് പ്രകടനവുമായി വെങ്കിടേഷ് അയ്യര്‍. മധ്യപ്രദേശിനു വേണ്ടി രാജസ്ഥാനെതിരേയാണ് വെങ്കിടേഷിന്റെ തകര്‍പ്പന്‍ പ്രകടനം. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തുന്ന തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ നടത്തുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് അയ്യരുടെ കിടിലന്‍ പ്രകടനം.

ആദ്യം ബാറ്റുചെയ്ത മധ്യപ്രദേശ് ഒന്‍പത് ഓവറില്‍ 63 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് വെങ്കിടേഷ് ക്രീസിലെത്തുന്നത്. അതുവരെ തട്ടിയും തടഞ്ഞും പോയ മധ്യപ്രദേശ് ഇന്നിംഗ്‌സിനെ അയ്യര്‍ ഒറ്റയ്ക്ക് ചുമലിലേറ്റുന്നതാണ് പിന്നീട് കണ്ടത്. വെറും 31 പന്തില്‍ 5 ഫോറും നാലു സിക്‌സറും അടക്കം 62 റണ്‍സെടുത്ത അയ്യര്‍ മല്‍സരത്തില്‍ നോട്ടൗട്ടായി നില്‍ക്കുകയായിരുന്നു.

അയ്യരുടെ മികവില്‍ 20 ഓവറില്‍ 173 റണ്‍സാണ് മധ്യപ്രദേശ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ തകര്‍ത്തു കളിക്കുമ്പോഴാണ് അയ്യര്‍ പന്തുമായി എത്തുന്നത്. ഒരു വിക്കറ്റിന് 83 റണ്‍സെന്ന നിലയില്‍ നിന്ന രാജസ്ഥാനെ പിന്നീട് അയ്യര്‍ എറിഞ്ഞിടുന്നതാണ് കണ്ടത്. 4 ഓവറില്‍ വെറും 20 റണ്‍സ് വഴങ്ങി 6 വിക്കറ്റാണ് വെങ്കിടേഷ് വീഴ്ത്തിയത്. മല്‍സരം 38 റണ്‍സിന് മധ്യപ്രദേശ് ജയിക്കുകയും ചെയ്തു.

Related Articles

Back to top button