Cricket

പാതിരാത്രി ഇന്ത്യന്‍ ടീമില്‍ നിന്ന് റിതുരാജ് പഞ്ചാബിലേക്ക് പാഞ്ഞു; 12 മണിക്കൂറിനുള്ളില്‍ അത്ഭുത പ്രകടനം!!

ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ഐപിഎല്ലിന് മാത്രം പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണം കുറച്ചു നാളായി ഉണ്ട്. എന്നാല്‍ അത്തരം ആരോപണങ്ങള്‍ക്കിടയില്‍ വലിയൊരു വാര്‍ത്ത വരുന്നുണ്ട്. അതു റിതുരാജ് ഗെയ്ക്ക്‌വാദില്‍ നിന്നാണ്. ചൊവ്വാഴ്ച്ച ഇന്ത്യന്‍ ടീമിനൊപ്പം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന താരമായിരുന്നു റിതുരാജ് ഗെയ്ക്ക്‌വാദ്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിനു ശേഷം പാതിരാത്രിയില്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലെത്തി റിതുരാജ് മഹാരാഷ്ട്രയുടെ മുഷ്താഖ് അലി ട്രോഫി ടീമിനൊപ്പം ചേര്‍ന്നു. ഉറങ്ങാന്‍ പോലും സമയം കിട്ടിയില്ലെങ്കിലും ഇന്ന് കളത്തിലിറങ്ങി അത്ഭുതം കാട്ടിയിരിക്കുകയാണ് താരം. പുലര്‍ച്ചെയാണ് റിതുരാജും രാഹുല്‍ ത്രിപാദിയും പഞ്ചാബിലെ മൊഹാലിയിലെത്തി ടീമിനൊപ്പം ചേര്‍ന്നത്.

ഇന്ന് രാവിലെ സര്‍വീസസിനെതിരേ മല്‍സരത്തിന് ഇറങ്ങുകയും ചെയ്തു. ഓപ്പണറായി ഇറങ്ങിയ റിതുരാജ് വെറും 65 പന്തില്‍ 112 റണ്‍സെടുത്ത് ടീമിനെ നല്ല നിലയില്‍ എത്തിക്കുകയും ചെയ്തു. 5 സിക്‌സറുകളും 12 ഫോറുകളും റിതുരാജിന്റെ ഇന്നിംഗ്‌സിന് ചാരുതയേകി. രാഹുല്‍ ത്രിപാദി 20 പന്തില്‍ 19 റണ്‍സും സ്വന്തമാക്കി.

സ്വന്തം ഇഷ്ടപ്രകാരമാണ് ഇരുവരും ടീമിനൊപ്പം ചേര്‍ന്നതെന്ന് മഹാരാഷ്ട്ര ടീമിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കളിയോടുള്ള പ്രതിബദ്ധതയില്‍ കളിക്കാര്‍ക്ക് ഐപിഎല്‍ എന്നോ ആഭ്യന്തര ടൂര്‍ണമെന്റോ എന്നില്ലെന്ന് ഈ സംഭവം അടിവരയിടുന്നു.

Related Articles

Back to top button