Cricket

സിക്‌സ് ആകുമെന്നുറപ്പിച്ച പന്ത് സേവ് ചെയ്ത് ആര്‍സിബി താരം!! കണ്ണുതള്ളി ക്രിക്കറ്റ് ലോകം; വീഡിയോ

ഡബ്ല്യുപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് 25 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

ടോസ് നേടിയ ആര്‍സിബി ഡല്‍ഹിയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത 20 ഓവറില്‍ അവര്‍ 194 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മറുപടി 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സര ഫലത്തേക്കാളുപരി റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസീസ് താരം ജോര്‍ജിയ വെയര്‍ഹാം നടത്തിയ ഒരു ബൗണ്ടറിലൈന്‍ സേവാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

ഡല്‍ഹിയുടെ ബാറ്റിങ്ങിനിടെ പത്തൊമ്പതാം ഓവറില്‍ ആയിരുന്നു സംഭവം. നദിന്‍ ഡി ക്ലര്‍ക്കിന്റെ പന്തില്‍ ഷഫാലി വര്‍മ അടിച്ച ഒരു ഷോട്ട് ബൗണ്ടറി ലൈനില്‍ നിന്നും സൂപ്പര്‍വുമണിനെപ്പോലെ ചാടി ഇടത് കൈകൊണ്ട് തട്ടി ഗ്രൗണ്ടിലാക്കുകയാണ് താരം ചെയ്തത്.

ഏവരും സിക്‌സര്‍ ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു താരത്തിന്റെ ഈ അതിശയ പ്രകടനം. മുമ്പ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗ്ലൂരിന് വേണ്ടി എ.ബി. ഡിവില്ലിയേഴ്സ് സമാന രീതിയില്‍ ഒരു സേവ് നടത്തിയിട്ടുണ്ടായിരുന്നു. ആ സേവുമായാണ് ഇപ്പോള്‍ ആരാധകര്‍ വെയര്‍ഹാമിന്റെ പ്രകടനത്തെ താരതമ്യം ചെയ്യുന്നത്. ഈ കിടിലന്‍ സേവിന് പുറമേ രണ്ട് ക്യാച്ചുകളും വെയര്‍ഹാം മത്സരത്തില്‍ സ്വന്തമാക്കി.


ഷഫാലി വര്‍മ(31 പന്തില്‍ 50), ആലീസ് ക്യാപ്‌സി(33 പന്തില്‍ 46), മരിസാന്‍ കാപ്പ്(16 പന്തില്‍ 32), ജെസ് ജോനാസന്‍(16 പന്തില്‍ 36) എന്നിവരുടെ കരുത്തിലാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ അടിച്ചുയര്‍ത്തിയത്.

രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സോഫി ഡിവൈന്‍, നദീന്‍ ഡി ക്ലര്‍ക്ക് എന്നിവരാണ് ബംഗളൂരു ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ബംഗളൂരുവിനായി ക്യാപ്റ്റന്‍ സ്മൃതി മന്ദന(43 പന്തില്‍ 74), സോഫി ഡിവൈന്‍(23), സഭിനേനി മേഘന(36) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് വന്നവര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ വന്നതോടെ ബംഗളൂരു പരാജയം രുചിക്കുകയായിരുന്നു. മൂന്നു വിക്കറ്റെടുത്ത ജെസ് ജോനാസനാണ് ബംഗളൂരുവിനെ തകര്‍ത്തത്. മരിസാന്‍ കാപ്പ്, അരുന്ധതി റെഡ്ഡി എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Related Articles

Back to top button