Cricket

‘തല’ പറഞ്ഞാല്‍ അയാള്‍ക്ക് കേള്‍ക്കാതിരിക്കാനാവില്ല!! ധോണി നിര്‍ബന്ധിച്ചാല്‍ പരിശീലകനായി അദ്ദേഹം എത്തുമെന്ന വിശ്വാസത്തില്‍ ജയ്ഷായും സംഘവും

ട്വന്റി20 ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലന സ്ഥാനം ഒഴിയുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ പുതിയ ഇന്ത്യന്‍ കോച്ചിനായുള്ള തിരച്ചിലിലാണ് ബിസിസിഐ.

ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മെന്ററായ ഗൗതം ഗംഭീര്‍ മുതല്‍ ഡല്‍ഹിയുടെ പരിശീലകനായ ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗ് വരെയുള്ളവരുടെ പേര് പരിശീലക സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

എന്നാല്‍ ഇതിലെല്ലാം ഉപരി ഒരു സൂപ്പര്‍ പരിശീലകന്‍ ബിസിസിഐയുടെ റഡാറിലുണ്ട്. മറ്റാരുമല്ല ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലകനും ന്യൂസിലന്‍ഡ് മുന്‍ നായകനുമായ സ്റ്റീവന്‍ ഫ്‌ളെമിംഗാണത്.

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനായ ഫ്‌ളെമിംഗ് ഇന്ത്യയുടെ പരിശീലകനായാല്‍ അത് ടീമിന് വലിയ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായ സാഹചര്യത്തില്‍ ഫ്‌ളെമിംഗിനെ ഇന്ത്യന്‍ പരിശീലകനാക്കാന്‍ ബിസിസിഐ ചെന്നൈ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ സഹായം തേടാനുള്ള സാധ്യതയുമുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആദ്യ ചോയ്സ് ഫ്‌ളെമിംഗായിരുന്നു. എന്നാല്‍ 2027 വരെ ഇന്ത്യന്‍ പരിശീലകന്‍ എന്ന നിലയില്‍ തുടരാന്‍ താരത്തിന് താത്പര്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

2008 മുതല്‍ സിഎസ്‌കെയില്‍ തുടരുന്ന മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ടീമിനെ പരിശീലിപ്പിക്കുകയാണ് താരം ഇപ്പോള്‍.

മേജര്‍ ലീഗ് ക്രിക്കറ്റില്‍ (യുഎസ്എ) ടെക്സാസ് സൂപ്പര്‍ കിംഗ്സിന്റെയും എസ്എ20 ജോഹന്നാസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സിന്റെയും പരിശീലകനാണ് അദ്ദേഹം.

ദി ഹണ്ടഡ്ര് ലീഗില്‍ സതേണ്‍ ബ്രേവിന്റെ മുഖ്യ പരിശീലകനാണ് അദ്ദേഹം. നാല് വ്യത്യസ്ത ലീഗുകളുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും, ന്യൂസിലന്‍ഡില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ ഫ്‌ളെമിംഗിന് സമയം ലഭിക്കുന്നു.

ഇന്ത്യന്‍ പരിശീലകനായാല്‍ വര്‍ഷത്തില്‍ പത്തു മാസവും ടീമിനൊപ്പം ഉണ്ടാവണമെന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ബിസിസിഐയുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നിരുന്നാലും ബിസിസിഐ ഇതുവരെ പ്രതീക്ഷ കൈവിട്ടിട്ടില്ല, ധോണിയിലാണ് അവരുടെ പ്രതീക്ഷ അത്രയും.

”ഇല്ലെന്ന് ഫ്‌ളെമിംഗ് തീര്‍ത്ത് പറഞ്ഞിട്ടില്ല. കരാറിന്റെ കാലാവധിയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ട്, അത് അസാധാരണമല്ല. സൗരവ് ഗാംഗുലി തന്നെ ബോധ്യപ്പെടുത്തും മുമ്പ് രാഹുല്‍ ദ്രാവിഡ് പോലും ടീമിന്റെ മുഖ്യ പരിശീലകനായി വരാന്‍ തയ്യാറായിരുന്നില്ല.എം.എസ് ധോണി ചിത്രത്തിലേക്ക് വന്നാല്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ കാര്യത്തിലും ഇതു തന്നെ സംഭവിക്കാം,” ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Back to top button