Cricket

ഐപിഎല്‍ മാത്രമല്ല ക്രിക്കറ്റ്, സഞ്ജുവിനെ വിമര്‍ശിച്ച് ശ്രീശാന്ത് രംഗത്ത് !

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറെ ആരാധകരുള്ള താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം സഞ്ജുവിന് ലഭിക്കുന്ന പിന്തുണയേറെയാണ്. എങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഇപ്പോഴിതാ സഞ്ജുവിനെ വിമര്‍ശിച്ചും ഉപദേശിച്ചും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ശ്രീശാന്ത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജുവിന്റെ ചില മുന്‍ഗണനകള്‍ മാറ്റണമെന്ന് ശ്രീ കൃത്യമായും പറയുന്നു. പലപ്പോഴും സഞ്ജു ഐപിഎല്ലില്‍ മാത്രമാണ് തിളങ്ങുന്നതെന്ന് ശ്രീ വ്യക്തമാക്കുന്നു. ഐപിഎല്‍ പ്രധാനപ്പെട്ടതാണ്. അതു നിങ്ങള്‍ക്ക് പണവും പ്രശസ്തിയും നല്‍കുന്നു. എന്നാല്‍ അതു മാത്രമല്ല പ്രധാനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

കൂടുതല്‍ മല്‍സരങ്ങളില്‍ കേരളത്തിനായി കളത്തിലിറങ്ങി നല്ല പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സഞ്ജുവിന് കഴിയണം. എങ്കില്‍ മാത്രമേ ദേശീയ ടീമിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യങ്ങള്‍ താന്‍ സഞ്ജുവിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ശ്രീ വെളിപ്പെടുത്തി.

തനിക്ക് സഞ്ജുവിനെ അണ്ടര്‍ 14 വിഭാഗത്തില്‍ കളിക്കുമ്പോള്‍ മുതല്‍ അറിയാം. തന്റെ കീഴില്‍ സഞ്ജു രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. അദേഹത്തിന് അരങ്ങേറ്റ ക്യാപ് നല്‍കിയതും താനാണ്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ അദേഹം ശ്രമിക്കാത്തത് നിരാശകരമാണെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യ എ ടീമിന്റെ നായകനാണ് സഞ്ജു. ശ്രീശാന്ത് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കുകയുമാണ്.

Related Articles

Back to top button