Cricket

പാണ്ഡ്യ ആരാ മോന്‍ !! ഡൈവോഴ്‌സ് നടന്നാലും പാണ്ഡ്യയുടെ ഒരു സ്വത്തും പോവില്ല; കാഞ്ഞ ബുദ്ധിയെന്ന് ആരാധകര്‍

കഴിഞ്ഞ ഏതാനും ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിവാഹമോചനം.

സെര്‍ബിയന്‍ നടി നതാഷാ സ്റ്റാന്‍കോവിച്ചുമായി താരം വേര്‍പിരിയാന്‍ പോവുകയാണെന്നും ഡൈവോഴ്‌സ് സെറ്റില്‍മെന്റിന്റെ ഭാഗമായി പാണ്ഡ്യയുടെ സ്വത്തിന്റെ 70 ശതമാനം നതാഷയ്ക്ക് കൈമാറണമെന്നുമൊക്കെയാണ് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ പാണ്ഡ്യയ്ക്ക് ഒരു സ്വത്തും നഷ്ടപ്പെടില്ല. 2017ല്‍ പാണ്ഡ്യ ഗൗരവ് കപൂറുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ സ്വത്തു നഷ്ടപ്പെടില്ലെന്ന് തറപ്പിച്ചു പറയുന്നത്.

അന്ന് നടന്ന അഭിമുഖത്തില്‍ തന്റെ എല്ലാ സ്വത്തുക്കളും തന്റെ അമ്മയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പാണ്ഡ്യ തുറന്നു പറഞ്ഞിരുന്നു.

ഭാവിയില്‍ ഇങ്ങനെയൊരു അപകടം മുന്‍കൂട്ടി കണ്ടാണ് പാണ്ഡ്യ ഇങ്ങനെ ചെയ്തതെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.

തന്റെ പിതാവിന്റെ അക്കൗണ്ടും തന്റെ അക്കൗണ്ടും സഹോദരന്‍ കൃണാല്‍ പാണ്ഡ്യയുടെ അക്കൗണ്ടുമെല്ലാം തന്റെ അമ്മയുടെ പേരിലാണെന്നായിരുന്നു ആ ഇന്റര്‍വ്യൂവില്‍ ഹാര്‍ദിക് വെളിപ്പെടുത്തിയത്.

കൂടാതെ വീടു വാങ്ങിയതും കാറു വാങ്ങിയതുമെല്ലാം രജിസ്റ്റര്‍ ചെയ്തത് അമ്മയുടെ പേരിലാണെന്നും പറഞ്ഞ പാണ്ഡ്യ തനിക്ക് തന്നെ തന്നെ വിശ്വാസമില്ലെന്നും അതിനാലാണ് ഇതൊന്നും തന്റെ പേരില്‍ ചേര്‍ക്കാത്തതെന്നും വ്യക്തമാക്കിയിരുന്നു.

ഭാവിയില്‍ ആര്‍ക്കെങ്കിലും സ്വത്തിന്റെ 50 ശതമാനം നല്‍കേണ്ട ദുര്‍ഗതി വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ വന്നാല്‍ അത് തന്നെ ഏറെ വിഷമിപ്പിക്കുമെന്നും പറഞ്ഞ പാണ്ഡ്യ അതിനാല്‍ അത് മറ്റാരുടെയെങ്കിലും പേരിലാക്കിയാല്‍ ആ 50 ശതമാനം സുരക്ഷിതമായിരിക്കുമെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍ നതാഷ ഡൈവോഴ്‌സുമായി മുമ്പോട്ടു പോയാല്‍ അവര്‍ക്ക് കാര്യമായി ഒന്നും തടയില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.

ബിസിനസ് ബുദ്ധിയ്ക്ക് പൊതുവെ പേരു കേട്ടവരാണ് ഗുജറാത്തുകാര്‍. ഹാര്‍ദിക് പാണ്ഡ്യയും അതേ പാരമ്പര്യം കാണിച്ചുവെന്നാണ് ഇപ്പോള്‍ ആളുകളുടെ വിലയിരുത്തല്‍.

Related Articles

Back to top button