Cricket

ട്വന്റി20 ലീഗിനായി അവന്‍ ടെസ്റ്റ് ക്രിക്കറ്റിനെ ഉപേക്ഷിക്കില്ല!! ഇന്ത്യന്‍ സൂപ്പര്‍താരത്തെക്കുറിച്ച് വാചാലനായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ട്വന്റി20 ലീഗുകളില്‍ കളിക്കുന്നതിനായി ടെസ്റ്റ് മത്സരങ്ങളെ ഒഴിവാക്കുന്ന നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും വിരാട് കോഹ് ലിയെ അക്കൂട്ടത്തില്‍ കൂട്ടാനാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ബ്രയാന്‍ മക്മില്ലന്‍.

ടെസ്റ്റ് ഫോര്‍മാറ്റിനോട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സ്വീകരിക്കുന്ന സമീപനത്തില്‍ നിരാശ പ്രകടിപ്പിച്ച മക്മില്ലന്‍ കോഹ് ലിക്ക് അതിനോടുള്ള സമര്‍പ്പണത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള മനോഭാവത്തില്‍ നിരാശ പ്രകടിപ്പിച്ച് എബി ഡിവില്ലിയേഴ്‌സ് അടക്കമുള്ള മുന്‍ താരങ്ങള്‍ രംഗത്തു വന്നിരുന്നു.

ന്യൂസിലന്‍ഡിലേക്ക് അരങ്ങറ്റക്കാര്‍ നിറഞ്ഞ ടീമിനെ അയയ്ക്കുന്നതില്‍ പലരും നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗായായ എസ്എ20യില്‍ കളിക്കാനായി മുഖ്യതാരങ്ങള്‍ പിന്‍വാങ്ങിയ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്ക ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് കരുതുന്നു.

” ആവശ്യത്തിന് പണമുണ്ടാക്കാതെ ആധുനിക ക്രിക്കറ്റര്‍മാര്‍ക്ക് മുമ്പോട്ടു പോകാനാവില്ലെന്ന് ഞാന്‍ കരുതുന്നു. ഇത് കളിക്കാര്‍ക്ക് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഞങ്ങളുടെ കളിക്കാരില്‍ ഒരാളായ ഹെന്റിച്ച് ക്ലാസന്‍ അടുത്തിടെ ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. ട്വന്റി20 ലീഗില്‍ കളിക്കാനായാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനം എടുത്തത്. രാജ്യങ്ങള്‍ എങ്ങനെ കളിക്കാരെ കൈകാര്യം ചെയ്യണമെന്നതില്‍ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്” മക്മില്ലന്‍ പറയുന്നു.

ബിബിഎല്‍ പോലുള്ള ടി20 ലീഗുകളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കളിക്കാരെക്കുറിച്ച് പറഞ്ഞ മക്മില്ലന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് വിരാട് കോഹ് ലിയെയും സഹതാരങ്ങളെയുമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അഭിനന്ദിക്കാനും മക്മില്ലന്‍ മറന്നില്ല.

സ്വന്തം രാജ്യത്തിന്റെ വികാരങ്ങള്‍ക്ക് നിങ്ങള്‍ പ്രാധാന്യം നല്‍കണമെന്നത് ഒരു ആഗോള വികാരമാണെന്ന് ഞാന്‍ കരുതുന്നു. ഇത് ഇന്ത്യ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. കോഹ് ലിയും പിള്ളേരും വളരെ മികച്ച രീതിയിലാണ് ടെസ്റ്റ് കളിക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നു. ടെസ്റ്റിനെ ഒഴിവാക്കി അവര്‍ ബിബിഎല്ലില്‍ മത്സരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുമില്ല. ടെസ്റ്റ് ക്രിക്കറ്റ് ഭീഷണിയിലാണെങ്കിലും ആത്യന്തിക മത്സരമായി ഇത് നിലനില്‍ക്കേണ്ടത് ആവശ്യമാണ്.” മക്മില്ലന്‍ പറയുന്നു.

തൊണ്ണൂറുകളില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന മക്മില്ലന്‍ പ്രോട്ടിയാസിനായി 38 ടെസ്റ്റുകളും 78 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.

Related Articles

Back to top button