Cricket

മുംബൈ സ്‌കൂളിലെ ‘ദുരൂഹ’ ഓഫ് സ്പിന്നര്‍ ഇന്ത്യന്‍ ഓപ്പണറായ കഥ അവിശ്വസനീയം; ലൈഫ് ഓഫ് രോഹിത് ശര്‍മ!!

ഐസിസി 2023 ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചതോടെ ആരാധകര്‍ സ്വപ്നം കാണുന്നത് ഒന്നുമാത്രം, നവംബര്‍ 19ന് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ലോകകപ്പ് ട്രോഫി ഉയര്‍ത്തുന്നത്.

140 കോടി ജനങ്ങളുടെ സ്വപ്നത്തിന്റെ ഭാരവുമായാണ് രോഹിത് ശര്‍മ എന്ന ക്യാപ്റ്റന്‍ ടീം ഇന്ത്യയെ നയിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരേ രണ്ടാം മത്സരത്തില്‍ ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗമേറിയ സെഞ്ചുറി എന്ന റിക്കാര്‍ഡുമായി രോഹിത് ശര്‍മ ചരിത്രം കുറിച്ചു.

1983ല്‍ കപില്‍ ദേവ് 72 പന്തില്‍ സിംബാബ്‌വെയ്ക്ക് എതിരേ നേടിയ സെഞ്ചുറിയുടെ റിക്കാര്‍ഡാണ് 63 പന്തില്‍ രോഹിത് മറികടന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണിംഗ് ബാറ്റര്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരം മാത്രം, രോഹിത് ശര്‍മ.

എന്നാല്‍, രോഹിത് ശര്‍മ ക്രിക്കറ്റ് കളി ആരംഭിച്ചത് ഓപ്പണിംഗ് ബാറ്ററായോ മധ്യനിര ബാറ്ററോ ആയോ അല്ലായിരുന്നു. ഓഫ് സ്പിന്നര്‍ എന്ന രീതിയിലായിരുന്നു രോഹിത് ശര്‍മ കൗമാര കാലത്ത് മുംബൈയില്‍ തരംഗമായത്.

കഷ്ടതയുടെ കാലം

സാമ്പത്തികമായ അത്ര കരുത്തുള്ള കുടുംബമാല്ലായിരുന്നു രോഹിത് ശര്‍മയുടേത്. സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോയ കാര്യങ്ങളെ കുറിച്ച് അടുത്തിടെ രോഹിത് തുറന്നു പറഞ്ഞിരുന്നു. മുത്തച്ഛനും മുത്തശ്ശിയും അമ്മാവന്‍ രവിയുമായിരുന്നു കുട്ടിക്കാലത്ത് രോഹിത് ശര്‍മയുടെ സംരക്ഷകര്‍.

മുത്തച്ഛനാണ് രോഹിത് ശര്‍മയെ തന്റെ ഒപ്പം പാര്‍പ്പിച്ച് ക്രിക്കറ്റ് പഠിപ്പിക്കാന്‍ തീരുമാനിച്ചത്. രോഹിത്തിന്റെ മാതാപിതാക്കള്‍ക്ക് അത്ര ഇഷ്ടമില്ലായിരുന്നെങ്കിലും മുത്തച്ഛന്റെ വാക്കാണ് കുടുംബത്തിലെ അവസാന വാക്ക് എന്നതിനാല്‍ അനുസരിക്കേണ്ടിവന്നു. അങ്ങനെ അച്ഛനെയും അമ്മയെയും വിട്ട് രോഹിത് ശര്‍മ മുത്തച്ഛനൊപ്പം താമസമാരംഭിച്ചു.

ബോറിവല്ലിയിലെ ദിനേശ് ലാഡിന്റെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ക്കാനായിരുന്നു മുത്തച്ഛന്‍ 12-ാം വയസില്‍ രോഹിത്തിനെ തന്റെ ഒപ്പം കൂട്ടിയത്. ഓഫ് സപിന്നര്‍ എന്ന നിലയില്‍ രോഹിത്തിന്റെ മികവ് കണ്ട ദിനേശ് ലാഡ് അവനെ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ കടം മേടിച്ചും പണയംവെച്ചും വിറ്റു പെറുക്കിയുമൊക്കെയാണ് രോഹിത്തിന്റെ പരിശീലനവും സ്‌കൂള്‍ ഫീസുമെല്ലാം അങ്കില്‍ രവിയും മുത്തച്ഛനും കണ്ടെത്തിയത്. ഓഫ് സ്പിന്നര്‍ എന്ന നിലയില്‍ സ്‌കൂള്‍ രോഹിത് ശര്‍മ വേഗം പേരെടുത്തു.

മാനേജ്മെന്റ് തലത്തില്‍ രോഹിത്തിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. അതോടെ മുംബൈയിലെ സ്‌കൂളുകളില്‍ രോഹിത് എന്ന ഓഫ് സ്പിന്നര്‍ തരംഗമായി. അങ്ങനെയിരിക്കേയാണ് രോഹിത് ശര്‍മ നെറ്റ്സില്‍ ഗംഭീരമായി ബാറ്റ് ചെയ്യുന്നത് ദിനേശ് ലാഡ് കണ്ടത്.

അതോടെ രോഹിത്തിനെ മികച്ച അവസരങ്ങള്‍ നല്‍കുക എന്നതായി ദിനേശ് ലാഡിന്റെ ചിന്ത. മുംബൈ സെലക്ഷന്‍ ട്രയല്‍സ് ടൂര്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായതോടെ രോഹിത്തിന്റെ വഴി തെളിഞ്ഞു.

പതുക്കെ തന്റെ ബാറ്റിംഗ് കരുത്ത് കാഴ്ചവെച്ച രോഹിത് നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍ എന്ന വിശേഷണം സ്വന്തമാക്കി. രാജ്യാന്തര തലത്തില്‍ ഇന്ത്യക്കായി ഏഴും ആറും സ്ഥാനത്ത് ആയിരുന്നു രോഹിത് ബാറ്റിംഗ് ആരംഭിച്ചത്.

2007 ട്വന്റി-20 ലോകകപ്പില്‍ യുവരാജ് സിംഗ് ഇംഗ്ലീഷ് പേസര്‍ സ്റ്റൂവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ ആറ് സിക്സര്‍ പറത്തിയ മത്സരത്തിലായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം. ഏഴാം നമ്പറായ രോഹിത്തിന് അന്ന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല എന്നതും മറ്റൊരു വാസ്തവം.

ഓഫ് സ്പിന്നറായി ക്രിക്കറ്റ് കളി തുടങ്ങിയ രോഹിത് ഇന്ത്യക്കായി 52 ടെസ്റ്റില്‍ 10 സെഞ്ചുറിയും 16 അര്‍ധസെഞ്ചുറിയുമടക്കം 3677 റണ്‍സ് നേടി. ഏകദിനത്തില്‍ 253 മത്സരങ്ങളിലായി 31 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 10243 റണ്‍സുണ്ട്.

ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന (264) വ്യക്തിഗത സ്‌കോറിനും ഉടമയാണ്. ട്വന്റി-20യില്‍ ഇന്ത്യക്കായി 148 മത്സരങ്ങള്‍ കളിച്ചു, നാല് സെഞ്ചുറിയും 29 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 3853 റണ്‍സ് നേടി. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയതും രോഹിത് ശര്‍മതന്നെ. വന്ന വഴി മറക്കാത്ത രോഹിത്തിന് ടെസ്റ്റില്‍ രണ്ടും ഏകദിനത്തില്‍ എട്ടും ട്വന്റി-20യില്‍ ഒരു വിക്കറ്റും ഉണ്ട്.

Related Articles

Back to top button