Cricket

ഈ തവണത്തെ കപ്പ് എന്തു വില കൊടുത്തും ഇന്ത്യയ്ക്ക് പൊക്കിയേ തീരൂ !! കാരണങ്ങള്‍ പലതാണ്

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം നാളെ അയര്‍ലന്‍ഡിനെ നേരിടാനൊരുങ്ങുമ്പോള്‍ ജയപ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനില്‍ നിന്നാവും ഇന്ത്യയ്ക്ക് ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വരിക. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ 60 റണ്‍സിന്റെ ഉജ്ജ്വല ജയം നേടിയ ഇന്ത്യ തങ്ങള്‍ കിരീടപ്പോരാട്ടത്തിന് തയ്യാറെന്ന സൂചനയാണ് എതിരാളികള്‍ക്ക് നല്‍കിയിരിക്കുന്നത്.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും അതിശക്തമാണ്. 2013ന് ശേഷമുള്ള ഐസിസി ടൂര്‍ണമെന്റുകള്‍ പരിശോധിക്കുമ്പോള്‍ മിക്ക ടൂര്‍ണമെന്റുകളിലും ഇന്ത്യ സെമിയിലോ ഫൈനലിലോ എത്തിയിട്ടുണ്ടെന്ന് കാണാം.

എന്നാല്‍ അവസാന കടമ്പകളില്‍ വീണു പോവുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാല്‍ ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

ഇതിന് പലകാരണങ്ങളുണ്ട്. ഇന്ത്യയുടെ കോച്ചും ഇതിഹാസതാരവുമായ രാഹുല്‍ ദ്രാവിഡിന് കിരീടത്തോടെ യാത്രയയപ്പ് നല്‍കാവും ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നത്.

കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും രാഹുല്‍ ദ്രാവിഡിന് ഇതുവരെ സീനിയര്‍ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഈ ട്വന്റി20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുകയാണ്.

പരിശീലകനെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഒരു ലോകകിരീടം നേടിക്കൊടുക്കേണ്ടത് ദ്രാവിഡിന്റെ കൂടി ആവശ്യമാണ്.

ഇത്തവണ മികച്ച ടീമിനെ കളത്തിലിറക്കാന്‍ ദ്രാവിഡിന് കഴിഞ്ഞിട്ടുണ്ട്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ അവസാന ടി20 ലോകകപ്പാണിതെന്ന് ഏറെക്കുറെ ഉറപ്പാണ്. കളിക്കാരനെന്ന നിലയിലും ഇനിയൊരു ലോകകപ്പിന് രോഹിത് ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്.

ഈ ലോകകപ്പോടെ അദ്ദേഹം ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മികച്ച പ്രകടനമല്ല രോഹിത് കാഴ്ച വയ്ക്കുന്നത്.

എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ പ്രായം ഏറുന്നതിനാല്‍ യുവതാരങ്ങള്‍ക്കായി ട്വന്റി20യില്‍ നിന്ന് കളമൊഴിയാന്‍ 37കാരനായ രോഹിത് തയ്യാറാവേണ്ടതുണ്ട്.

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ എന്ന നേട്ടത്തോടെ ട്വന്റി20 കരിയറിന് വിരാമമിടാനാവും രോഹിത് ആഗ്രഹിക്കുന്നത്.

അവസാന കടമ്പയില്‍ തട്ടി കൈവിട്ടു പോയ ഏകദിന ലോകകപ്പിന്റെ നഷ്ടം ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ നികത്താമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

മൂന്നാമത്തെ കാര്യം വിരാട് കോഹ് ലിയുടെ അവസാന ട്വന്റി20 ലോകകപ്പായിരിക്കും ഇതെന്നതാണ്. യുവതാരങ്ങള്‍ക്കായി കോഹ് ലിയും ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറിയേക്കുമെന്നാണ് വിവരം.

സമകാലീന ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ കോഹ് ലിയ്ക്കായും ഈ കപ്പ് ഇന്ത്യയ്ക്ക് നേടേണ്ടതുണ്ട്. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന താരം പ്രകടനം ലോകകപ്പിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും.

2013നു ശേഷം ഒരു ഐസിസി കിരീടം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെയെല്ലാം സ്വപ്‌നമാണ്. എല്ലാ ടൂര്‍ണമെന്റിലും മികച്ച ടീമിനെ അണിനിരത്തിയിട്ടും കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഒരു ഐസിസി ട്രോഫി പോലും നേടാന്‍ ഇന്ത്യയ്ക്കായില്ല.

അതിനാല്‍ തന്നെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നില്ല. ഇന്ത്യയ്ക്ക് അതിനു കഴിയുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.

Related Articles

Back to top button