Cricket

ഇന്ത്യ-പാക് സ്വപ്ന പോരാട്ടം വെള്ളത്തിലാകുമോ? മുന്നറിയിപ്പുകള്‍ ശുഭകരമല്ല!!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്‌ന പോരാട്ടം ഞായറാഴ്ച്ചയാണ് നടക്കുക. മെല്‍ബണില്‍ നടക്കുന്ന മല്‍സരത്തിന്റെ ടിക്കറ്റുകളെല്ലാം വില്‍പനയ്ക്കു വച്ച് മണിക്കൂറുകളില്‍ വിറ്റു പോയിരുന്നു. ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം ഐസിസിക്കും ടിവി സംപ്രേക്ഷണം നടത്തുന്ന ചാനലുകള്‍ക്കും ചാകരയാണ്.

എന്നാല്‍ ഇപ്പോള്‍ മെല്‍ബണില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമല്ല. കടുത്ത മഴയാണ് ബുധനാഴ്ച്ച മുതല്‍ അടുത്ത തിങ്കളാഴ്ച്ച വരെ പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച്ചത്തെ കാലാവസ്ഥ പ്രവചനം അനുസരിച്ച് ദിവസം മുഴുവന്‍ മഴ പെയ്യാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. സ്വകാര്യ കാലാവസ്ഥ ഏജന്‍സികളും ഇത്തരത്തിലൊരു പ്രവചനമാണ് നടത്തുന്നത്.

മെല്‍ബണിലെ ഡ്രെയ്‌നേജ് സംവിധാനം മികച്ചതാണെന്നതാണ് ആരാധകരെ ആശ്വസിപ്പിക്കുന്ന ഒരു ഘടകം. മഴ മാറിയാല്‍ വലിയ താമസമില്ലാതെ മല്‍സരം നടത്താന്‍ സാധിക്കും. എന്നാല്‍ മല്‍സരദിവസം പൂര്‍ണമായും മഴയില്‍ കുതിര്‍ന്നാല്‍ ഇന്ത്യ-പാക് പോരാട്ടം റിസല്‍ട്ടില്ലാതെ അവസാനിക്കും. ലോകകപ്പില്‍ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് മാത്രമാണ് റിസര്‍വ് ഡേ ഉള്ളത്.

ഇതിനകം തന്നെ ചില പരിശീലന മല്‍സരങ്ങളിലും സ്‌കോട്‌ലന്‍ഡ്-വിന്‍ഡീസ് മല്‍സരത്തിലും മഴ ഇടയ്ക്കു പെയ്തിരുന്നു. മൂന്ന് പരിശീലന മല്‍സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. എന്തായാലും മല്‍സരം നടക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

(സ്‌പോര്‍ട്‌സ്‌ക്യൂ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന സ്‌പെഷ്യല്‍ സ്റ്റോറികളും വാര്‍ത്തകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും യുട്യൂബ് ചാനലുകളും അതുപോലെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പകര്‍പ്പവകാശ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.)

Related Articles

Back to top button