Cricket

പാക് ക്യാംപില്‍ ‘അജ്ഞാത’ രോഗം, കളിക്കാരില്‍ പലരും കിടക്കയില്‍!! കളിക്കാന്‍ ആളെ തികയ്ക്കാന്‍ പാടുപെട്ട് ബാബര്‍!!

ഐസിസി ലോകകപ്പില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ വലിയ വിമര്‍ശനമാണ് പാക്കിസ്ഥാന് സ്വന്തം നാട്ടില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നത്. ഇന്ത്യയിലെത്തി ഭക്ഷണവും കഴിച്ച് യാത്രയും ആസ്വദിച്ച് നടക്കുക മാത്രമാണ് താരങ്ങള്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരായ വലിയ തോല്‍വിയോടെ സെമിയിലേക്ക് ഇനി ഒട്ടുമിക്ക മല്‍സരങ്ങളും ജയിക്കേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാന്‍. ശക്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരേ ബെംഗളൂരുവിലാണ് പാക്കിസ്ഥാന്റെ അടുത്ത മല്‍സരം.

ഈ മല്‍സരത്തിനായി ബെംഗളൂരുവിലെത്തിയ പാക് ടീമിന് പക്ഷേ മറ്റൊരു തിരിച്ചടി കിട്ടിയിരിക്കുകയാണ്. ടീമിലെ ഒട്ടുമിക്ക താരങ്ങളും വൈറല്‍ പനിയും വയറിളക്കവും മൂലം ബുദ്ധിമുട്ടുകയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിലര്‍ നെഞ്ചില്‍ അണുബാധയുമുണ്ട്. പലരും രോഗക്കിടക്കയിലാണ്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ടീം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവിടെ വച്ച് ഭക്ഷ്യ വിഷബാധ ഏറ്റതാണോയെന്ന സംശയം ടീം മാനേജ്‌മെന്റിനുണ്ട്.

ഷാഹീന്‍ഷാ അഫ്രീദി, അബ്ദുല്ല ഷഫീഖ്, സമന്‍ ഖാന്‍, ഉസാമ മിര്‍, ഷദാബ് ഖാന്‍ തുടങ്ങിയവര്‍ക്കാണ് വൈറല്‍ ഫീവറും മറ്റു പ്രശ്‌നങ്ങളും ഉടലെടുത്തിരിക്കുന്നത്. ഇന്ത്യയിലെത്തിയ മുതല്‍ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ കഴിച്ച് പ്രശംസിക്കുന്ന പാക് താരങ്ങളുടെ വീഡിയോ വൈറലായിരുന്നു.

പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ സോഷ്യല്‍മീഡിയയില്‍ കൂടുതലായി വന്നതും ഇത്തരത്തിലുള്ള ഭക്ഷണ വീഡിയോകളായിരുന്നു. അടുത്ത മല്‍സരത്തിനു മുമ്പ് കളിക്കാര്‍ രോഗത്തില്‍ നിന്നും മോചിതരായില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്റ്.

ഇത്തവണത്തെ ലോകകപ്പിന് 15 അംഗ ടീമിനെ മാത്രമേ ടീമുകള്‍ക്ക് അനുവദനീയമായിട്ടുള്ളൂ. നിലവിലെ അവസ്ഥയില്‍ 6 താരങ്ങളെങ്കിലും ഫിറ്റല്ല. അതുകൊണ്ട് തന്നെ ഓസീസിനെതിരേ അന്തിമ ഇലവനെ കളത്തിലിറക്കാന്‍ ടീം മാനേജ്‌മെന്റ് ബുദ്ധിമുട്ടും.

സെമിയിലേക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ബാബറിനും സംഘത്തിനും ഓസീസിനെതിരേ ജയം അനിവാര്യമാണ്. മറിച്ചൊരു റിസല്‍ട്ടും അവരുടെ മുന്നോട്ടു പോക്കിനെ സഹായിക്കില്ല. നിലവിലെ അവസ്ഥയില്‍ ബാറ്റിംഗും ബൗളിംഗും മോശമാണ്.

ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരൊഴികെ ബാക്കിയാരും കാര്യമായി ബാറ്റിംഗില്‍ ഫോമിലാകാത്തത് ആണ് അവരുടെ തകര്‍ച്ചയ്ക്ക് കാരണം. 2 വിക്കറ്റിന് 150 പിന്നിട്ട ശേഷമാണ് ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്‍ തകര്‍ന്നത്.

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഷദാബ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനോട് ക്യാപ്റ്റന്‍ ബാബറിന് തീരെ താല്പര്യമില്ല. മറ്റ് ഓപ്ഷനുകളില്ലാതെയാണ് താരത്തെ കളിപ്പിക്കുന്നത്. ഇനി 6 മല്‍സരങ്ങള്‍ പാക്കിസ്ഥാന് ബാക്കിയുണ്ട്.

Related Articles

Back to top button