Cricket

വണ്‍ ഓഫ് ദി ബെസ്റ്റ് ഇന്‍ ദി ബിസിനസ്!! റിങ്കു സിംഗിന് വെല്ലുവിളിയായത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സ്ട്രാറ്റജി

ഇത്തവണ എന്തു വില നല്‍കിയും ട്വന്റി20 ലോകകപ്പ് ഇന്ത്യയിലെത്തിക്കും എന്ന വാശിയിലാണ് ബിസിസിഐ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളി താര സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിലിടം നേടിയെന്നതാണ് ഏറ്റവും സവിശേഷകരമായ കാര്യം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി പുറത്തെടുത്ത ഗംഭീര പ്രകടനം സഞ്ജുവിനെ ടീമില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാക്കി മാറ്റുകയായിരുന്നു.

രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലെത്തി. ഇതോടെ കെ എല്‍ രാഹുലിന് പുറത്തിരിക്കേണ്ടി വന്നു. ടീം പുറത്തുവന്നപ്പോള്‍ നിരാശപ്പെടേണ്ടതുണ്ടായ ഒരേയൊരു കാര്യം കഴിഞ്ഞ ഏതാനും നാളുകളായി ട്വന്റി20യില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന റിങ്കു സിംഗിനെ ഒഴിവാക്കിയതാണ്.

ദേശീയ ടീമില്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഗംഭീര പുറത്തെടുത്ത താരമാണ് റിങ്കു. എന്നാല്‍ ഈ ഐപിഎല്ലില്‍ റിങ്കുവിന് പ്രതീക്ഷിച്ച രീതിയില്‍ ബാറ്റ് വീശാനായില്ല.

കാര്യമായ അവസരം താരത്തിന് ലഭിച്ചില്ലെന്നതാണ് സത്യം. തുടക്കത്തില്‍ പിടിച്ചു നിന്ന ശേഷം അവസാനം ആഞ്ഞടിക്കുന്ന രീതിയാണ് റിങ്കുവിന്റേത്. എന്നാല്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അതിശക്തമായ ബാറ്റിംഗ് ലൈനപ്പാണുള്ളത്.

ഇതുമൂലം റിങ്കുവിന് അധികം പന്തുകള്‍ ലഭിച്ചില്ല. ഫിലിപ്പ് സാള്‍ട്ടും സുനില്‍ നരെയ്‌നും ചേര്‍ന്ന ഓപ്പണിംഗ് തന്നെ മികച്ച പ്രകടനം നടത്തുമ്പോള്‍ പിന്നാലെയെത്തുന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും, വെങ്കടേഷ് അയ്യരും യുവതാരം ആംഗ്രിഷ് രഘുവംശിയുമെല്ലാം മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് വീശുന്നത്.

പിന്നെ ഇറങ്ങുന്നതാവട്ടെ വിന്‍ഡീസിന്റെ സൂപ്പര്‍ ഹിറ്റര്‍ ആേ്രന്ദ റസല്‍. ഇവരെല്ലാം ഇറങ്ങിക്കഴിഞ്ഞ് താരത്തിന് ലഭിക്കുന്നത് അവസാന ഒന്നോ രണ്ടോ ഓവറാണ്. ആ സാഹചര്യത്തില്‍ ഒന്ന് ടച്ച് ആകാന്‍ പോലും സമയം കിട്ടുന്നതുമില്ല. ആദ്യ ബോള്‍ തന്നെ ആഞ്ഞുവീശണം. ഇത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തില്‍ മൂന്നാമനായി ഇറക്കിയെങ്കിലും താരത്തിന് തിളങ്ങാനായില്ല.

ഇന്ത്യക്കായി 11 ഇന്നിങ്സില്‍ 356 റണ്‍സാണ് ടി20 റിങ്കുവിന്റെ സമ്പാദ്യം. 89 എന്ന ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയും താരത്തിനുണ്ട്. 176 റണ്‍സ് സട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതില്‍ ഓസ്ട്രേലിയക്കെതിരെ ഒമ്പത് പന്തില്‍ നേടിയ 31 റണ്‍സും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 39 പന്തില്‍ 69 റണ്‍സും ശ്രദ്ധേയമാണ്.

ഇന്ത്യ അവസാനം കളിച്ച ടി20യില്‍ 22-4 എന്ന നിലയില്‍ ക്രീസിലെത്തിയ താരം 39 പന്തില്‍ 69 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. ആ മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ലോകറെക്കോഡ് കൂട്ടുകെട്ട് സൃഷ്ടിക്കാനും താരത്തിനായി.

അതേസമയം റിങ്കുവിനെ ന്യായമായും ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നാണ് ആരാധകരുടെ വാദം. നാല് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ഇതില്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാര്‍. സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി യൂസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും.

അക്ഷറിനെയും ജഡേജയേയും ഒരുമിച്ച് ടീമിലെടുക്കണമായിരുന്നോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് ആര്‍ക്കും മനസ്സിലാവും. ഇവരില്‍ ഒരാള്‍ക്ക് പകരം റിങ്കുവിനെ ടീമിലുള്‍പ്പെടുത്താമായിരുന്നുവെന്നാണ് ആരാധകരുടെ വാദം.


ഇനി റിങ്കുവിന് വെല്ലുവിളിയായ മറ്റൊരു താരം ചെന്നൈ സൂപ്പര്‍കിംഗ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശിവം ദുബെയാണ്.

ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറായ ശിവം ദുബെ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുക്കുമ്പോഴും ബൗള്‍ ചെയ്യാത്തത് സത്യത്തില്‍ തിരിച്ചടിയായത് റിങ്കുവിനാണ്. ചുരുക്കത്തില്‍ ഇംപാക്ട് പ്ലെയറിനെ കളത്തിലിറക്കി ശിവം ദുബെയെ ബൗള്‍ ചെയ്യിപ്പിക്കാത്ത ചെന്നൈയുടെ തന്ത്രമാണ് റിങ്കുവിനെ ചതിച്ചത്.

അതിനാല്‍ തന്നെ മോശം ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യയെ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറായി ടീമിലെടുക്കേണ്ടി വന്നു. ഐപിഎല്ലില്‍ റിങ്കുവിനേക്കാള്‍ മികച്ച പ്രകടനം നടത്തിയ ശിവം ദുബെയെ ബാറ്ററായി കണക്കാക്കി ടീമിലെടുക്കുകയും ചെയ്തു.

Related Articles

Back to top button