Cricket

അവസാന നിമിഷം ദ്രാവിഡിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എതിരാളികള്‍ ഞെട്ടി!! ലോകകപ്പില്‍ ഇന്ത്യന്‍ സാധ്യത ഒറ്റയടിക്ക് മുകളില്‍!!

കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകരില്‍ നിന്നും ഏറ്റവുമധികം സമ്മര്‍ദം അനുഭവിച്ച വ്യക്തി ഒരുപക്ഷേ കോച്ച് രാഹുല്‍ ദ്രാവിഡ് ആയിരിക്കും. ടീമിന്റെ ജയത്തില്‍ പോലും ദ്രാവിഡിന്റെ കോച്ചിംഗ് മികവില്‍ പലരും സംശയം പ്രകടിപ്പിക്കുന്നത് സാധാരണമായിരുന്നു.

കോവിഡിന്റെ പ്രതിസന്ധികളും അടുപ്പിച്ചുള്ള മല്‍സര ഷെഡ്യൂളുകളും മൂലം പലപ്പോഴും പ്രധാന താരങ്ങളില്ലാതെ കളിക്കാനിറങ്ങേണ്ട അവസ്ഥ ദ്രാവിഡ് കോച്ചായ ശേഷം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാല്‍ പോലും ഏഷ്യാകപ്പും ഇന്ത്യയില്‍ വലിയ ടീമുകള്‍ക്കെതിരേ പരമ്പര നേടിയും ദ്രാവിഡ് ഇന്ത്യയെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെത്തിച്ചു.

എന്നിട്ടു പോലും ഇന്ത്യന്‍ വന്‍മതിലിന് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ലെന്നതാണ് സത്യം. ലോകകപ്പ് ടീം സെലക്ഷനില്‍ പോലും വലിയ പഴികേള്‍ക്കേണ്ടി വന്ന ദ്രാവിഡ് എടുത്ത തീരുമാനങ്ങള്‍ പലതും ക്ലിക്കാകുന്നതാണ് അടുത്തിടെ കാണുന്നത്.

സൂര്യകുമാര്‍ യാദവിനെ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ഏകദിന ടീമില്‍ നിലനിര്‍ത്തിയ തീരുമാനമാകണം ദ്രാവിഡിന് ഏറെ തലവേദന സൃഷ്ടിച്ചത്. തുടര്‍ച്ചയായി പതറിയപ്പോഴും സൂര്യയിലെ ഫിനിഷറുടെ മഹത്വം തിരിച്ചറിഞ്ഞ ദ്രാവിഡ് ഈ താരത്തിന് ആത്മവിശ്വാസമേകി ഒപ്പംനിന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ കളിച്ച് സൂര്യ തന്റെ സെലക്ഷന്‍ ന്യായമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക ഇന്ത്യയുടെ അവസാന നിമിഷത്തെ മറ്റൊരു സെലക്ഷനാകും.

അക്‌സര്‍ പട്ടേലിന് പകരം രവിചന്ദ്ര അശ്വിനെ ടീമിലേക്ക് എടുത്തതാണ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങളില്‍ നിര്‍ണായകമാകാന്‍ പോകുന്നത്. ലോക ക്രിക്കറ്റില്‍ നിലവില്‍ ഇത്രത്തോളം ഇംപാക്ട് ഉണ്ടാക്കുന്ന മറ്റൊരു ഓഫ്‌സ്പിന്നര്‍ ഉണ്ടാകില്ല.

ആദ്യം ഇന്ത്യ പ്രഖ്യാപിച്ച ടീമില്‍ ഒരൊറ്റ ഓഫ്‌സ്പിന്നറും ഉണ്ടായിരുന്നില്ല. സമാനമായ രീതിയില്‍ പന്തെറിയുന്ന രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഒന്നിച്ചു ടീമില്‍ കളിക്കുന്നത് ബുദ്ധിയല്ല താനും. ഈ അവസരത്തിലാണ് അശ്വിനെ ടീമിലെത്തിച്ചത് ദ്രാവിഡ് എതിരാളികളെ ഞെട്ടിച്ചത്.

എല്ലാ ടീമുകളിലും ആവശ്യത്തിലേറെ ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. ഇവര്‍ക്കെതിരേ അശ്വിനെ പോലൊരു ഓഫ് സ്പിന്നറെ പന്തേല്‍പ്പിക്കുന്നതിലും നല്ലൊരു തന്ത്രം വേറെയില്ല. മാത്രമല്ല അശ്വിന്‍ വരുന്നതിലൂടെ വാലറ്റത്ത് നല്ലൊരു ബാറ്ററെ കിട്ടാനും ഇടയാക്കും.

അക്‌സര്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തുമെങ്കിലും ബൗളിംഗില്‍ അത്ര ഗുണം ചെയ്യില്ല. കളിയെയും പിച്ചിനെയും അശ്വിനെ പോലെ അളക്കുന്ന ഒരു താരത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനാകെ ഉന്മേഷം പകരും.

ഇത്തവണ ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചാല്‍ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയാകുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളെന്ന റിക്കാര്‍ഡ് അശ്വിനും വിരാട് കോഹ്ലിക്കും സ്വന്തമാകും. ഇരുവരും 2011 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു.

Related Articles

Back to top button