Cricket

ഇന്ത്യയ്ക്ക് വേണ്ടത് പാണ്ഡ്യയെ പോലൊരു ക്യാപ്റ്റന്‍ മെറ്റീരിയല്‍!

ഭാഗ്യത്തിന്റെ അകമ്പടിയില്‍ സെമിഫൈനല്‍ വരെയെത്തുക. ഭാഗ്യം പോലും അകമ്പടിയില്ലാതെ ദയനീയമായി ഇംഗ്ലണ്ടിനോടു തോല്‍ക്കുക. ഓസ്‌ട്രേലിയയില്‍ ലോകകപ്പ് പോരാട്ടത്തിന് അവസാനം കുറിച്ച് ഇന്ത്യ മടങ്ങുക. കുറച്ചേറെ തിരിച്ചറിവുകളുമായി. ഇന്ത്യയുടെ ടീം സെലക്ഷന്‍ മുതല്‍ ശൈലി വരെ വിമര്‍ശിക്കപ്പെട്ട മറ്റൊരു ലോകകപ്പ് സമീപകാലത്ത് ഉണ്ടായിട്ടില്ല.

സെലക്ടര്‍മാര്‍ ടീം സെലക്ഷനില്‍ നടത്തിയ വിഡ്ഡിത്തരങ്ങള്‍ തന്നെയാണ് ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചത്. ഐപിഎല്ലില്‍ ഒന്നോ രണ്ടോ മല്‍സരങ്ങളില്‍ മാത്രം മികവു പുലര്‍ത്തിയതിന്റെ മാത്രം വെളിച്ചത്തില്‍ ദിനേഷ് കാര്‍ത്തിക്കിന് ടീമിലേക്ക് ക്ഷണം നല്‍കിയതാണ് ഏറ്റവും വലിയ മണ്ടത്തരം. ഓസ്‌ട്രേലിയയില്‍ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയതും കാര്‍ത്തിക്ക് തന്നെ.

പരിക്കിന്റെ പിടിയില്‍ നിന്ന് വന്ന കെഎല്‍ രാഹുലിന് ഓപ്പണറാക്കി ടീമിലെടുത്തതും വിമര്‍ശന വിധേയം തന്നെ. മുന്‍കാലങ്ങളില്‍ നല്ല പ്രകടനം നടത്തിയതാകരുത് ലോകകപ്പ് ടീം സെലക്ഷനിലെ മാനദണ്ഡം. സമീപഭാവിയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ അടക്കം മികച്ച പ്രകടനം നടത്തിയ ഒരുപിടി താരങ്ങള്‍ ഉണ്ടെന്നത് മറന്നാണ് രാഹുലിനെ തിരുകി കയറ്റിയത്.

ഈ ലോകകപ്പോടെ രോഹിത് ശര്‍മയുടെ ട്വന്റി-20യിലെ ക്യാപ്റ്റന്‍ സ്ഥാനം മുള്‍മുനയിലാണ്. കുട്ടിക്രിക്കറ്റില്‍ നിര്‍ണായ മാറ്റം വരുത്താന്‍ ഇന്ത്യ നീക്കം നടത്തേണ്ട സമയമാണിത്. അടുത്ത ട്വന്റി-20 ലോകകപ്പിന് ഒന്നര വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. ഹര്‍ദിക് പാണ്ഡ്യയെ പോലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണം.

തോല്‍വികളിലേക്ക് നീങ്ങളുമ്പോള്‍ വല്ലാത്ത ശോകമാണ് രോഹിതിന്റെ ശരീരഭാഷ. കൂടെയുള്ളവരെ കൂടി നിരാശരാക്കുന്നതാണ് രോഹിതിന്റെ രീതികള്‍. പാണ്ഡ്യയെ ട്വന്റി-20യില്‍ ക്യാപ്റ്റനാക്കി മുന്നോട്ടു പോകുന്നത് ടീം ഇന്ത്യയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles

Back to top button