Cricket

എതിരാളികള്‍ രണ്ടാമത്തെ മാത്രം പ്രശ്‌നം !! ഇന്ത്യയുടെ പ്രധാന തലവേദന മത്സരവേദി

ട്വന്റി20 ലോകകപ്പില്‍ ഇന്ന് അയര്‍ലന്‍ഡിനെതിരേ കളത്തിലിറങ്ങുമ്പോള്‍ ടീം ഇന്ത്യയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം എതിരാളികളായ അയര്‍ലന്‍ഡല്ല, മറിച്ച് ലോകകപ്പ് നടക്കുന്ന ന്യൂയോര്‍ക്കിലെ നാസോ സ്‌റ്റേഡിയമാണ്.

ഇന്ത്യയുടെ മൂന്നു മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ഈ വേദിയില്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ പറയുന്നുണ്ട്.

അയര്‍ലന്‍ഡിനെക്കൂടാതെ ഒമ്പതിന് പാക്കിസ്ഥാനെയും 12ന് ആതിഥേയരായ അമേരിക്കയെയും ഇതേവേദിയില്‍ ഇന്ത്യ നേരിടുന്നുണ്ട്.

കൂടുതല്‍ മാര്‍ദ്ദവമുള്ള സ്‌പോഞ്ച് സ്വഭാവമുള്ള ഔട്ട് ഫീല്‍ഡാണ് നാസൗ സ്റ്റേഡിയത്തിലുള്ളത്. ഇത് കളിക്കാര്‍ തെന്നിവീഴുന്നതിനും പേശീവലിവുണ്ടാകുന്നതിനുമുള്ള സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തല്‍.

ഔട്ട് ഫീല്‍ഡിന്റെ പ്രത്യേകത കാരണം ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ കളിക്കാര്‍ കരുതലോടെയാണ് കളിച്ചതെന്നും അതാണ് ശ്രദ്ധിക്കേണ്ട കാര്യമെന്നും കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് ഈ ഗ്രൗണ്ടിലെ മികച്ച സ്‌കോറായിരുന്നുവെന്നും ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും ദ്രാവിഡ് വ്യക്തമാക്കി.

സ്റ്റേഡിയത്തിലേത് ഡ്രോപ്പ് ഇന്‍ പിച്ചാണ് എന്നതും ടീമുകള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ഡ്രോപ്പ് ഇന്‍ പിച്ചുകളുടെ സ്വഭാവം കൃത്യമായി പ്രവചിക്കാനാവില്ലെന്നതാണ് പ്രത്യേകത.

ഔട്ട് ഫീല്‍ഡില്‍ ഫീല്‍ഡിംഗ് ബുദ്ധിമുട്ടേറിയതായതിനാല്‍ പന്തെറിയുമ്പോള്‍ ശരിയായ താളം കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് ബംഗ്ലാദേശിനെതിരായ സന്നാഹത്തില്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിംഗും പറയുന്നു.

സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യയ്ക്ക് അയര്‍ലന്‍ഡ് ഒരു വെല്ലുവിളിയാകാന്‍ സാധ്യത കുറവാണെങ്കിലും ട്വന്റി20യില്‍ എന്തും സംഭവിക്കാമെന്നതിനാല്‍ കരുതലോടെയായിരിക്കും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക.

Related Articles

Back to top button