Cricket

ഐപിഎല്‍ ഫൈനല്‍ മഴ കൊണ്ടുപോകാന്‍ സാധ്യത !! ചക്രവാതച്ചുഴി ചതിക്കുമെന്ന ആശങ്കയില്‍ ആരാധകര്‍

ഐപിഎല്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഴ ചതിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഫൈനലിനു മുന്നോടിയായി ഇന്നലെ വൈകിട്ട് പരിശീലനം നടത്താനിരുന്ന കൊല്‍ക്കത്തയുടെ പരിശീലന സെഷന്‍ മഴമൂലം പകുതിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയര്‍ കളിച്ചതിനാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല.

വൈകുന്നേരം ഫ്‌ളഡ് ലൈറ്റിന് കീഴില്‍ പരിശീലനം നടത്താനായി കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇതോടെ കളിക്കാര്‍ ഇന്‍ഡോര്‍ പരിശീലനത്തിലേക്ക് മടങ്ങുകയായിരുന്നു.


ഫൈനല്‍ ദിവസമായ ഞായറാഴ്ച ചെന്നൈയില്‍ മഴ പ്രവചനമില്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അപ്രതീക്ഷിതമായി മഴ പെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ഫൈനല്‍ നടക്കുന്ന ഞായറാഴ്ച മഴ പെയ്യാന്‍ ഒരു ശതമാനം സാധ്യത മാത്രമാണ് അക്യുവെതര്‍ പ്രവചിക്കുന്നത്. പരമാവധി അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും പകല്‍ സമയത്ത് ഭാഗികമായി ആകാശം മേഘാവൃതമായിരിക്കുന്ന വൈകിട്ടോടെ പൂര്‍ണമായും മേഘാവൃതമാകുമെന്നും ആണ് പ്രവചനം.

അതേ സമയം ഫൈനലിന് റിസര്‍വ് ദിനം ഉള്ളതിനാല്‍ ഇന്ന് മഴ കളിമുടക്കിയാലും മറ്റന്നാള്‍ വീണ്ടും മത്സരം നടക്കും. ഇന്നത്തേതിന്റെ ബാക്കിയായി ആയിരിക്കും നാളെ മത്സരം നടക്കുക.

എന്നാല്‍ റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റുന്നതിന് മുമ്പ് നിശ്ചിത ദിവസം തന്നെ മത്സരം സാധ്യമാകുമോ എന്നറിയാന്‍ രണ്ട് മണിക്കൂര്‍ അധികസമയം അനുവദിച്ചിട്ടുണ്ട്.

ഈ സമയത്തും സാധ്യമായില്ലെങ്കില്‍ മാത്രമെ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കു. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഗുജറാത്തും ചെന്നൈയും തമ്മില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലാണ് പൂര്‍ത്തിയാക്കിയത്.

ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തമ്മിലുള്ള പോരാട്ടമായാണ് മത്സരം വിലയിരുത്തപ്പെടുന്നത്. നയിച്ച ടൂര്‍ണമെന്റുകളിലെല്ലാം ടീമിനെ കിരീടത്തിലെത്തിച്ച ചരിത്രമുള്ള കമ്മിന്‍സിന് ഇക്കുറിയും അതിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ് ആരാധകര്‍.

Related Articles

Back to top button