Cricket

തീക്കാറ്റായി ഫസലുള്ള ഫറൂഖി!! ഉഗാണ്ടയ്‌ക്കെതിരേ പടുകൂറ്റന്‍ വിജയവുമായി അഫ്ഗാനിസ്ഥാന്‍

ആദ്യമായി ഒരു ലോകകപ്പ് കളിക്കുന്നതിന്റെ ആവേശത്തിലെത്തിയ ഉഗാണ്ടയ്ക്ക് അഫ്ഗാനിസ്ഥാന്റെ വക ഹൈ വോള്‍ട്ടേജ് ഷോക്ക്.

ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ഉഗാണ്ടയെ 125 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തു വിട്ടത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നുവെന്ന് അഫ്ഗാന്‍ ഓപ്പണര്‍മാര്‍ തെളിയിച്ചു. റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 14.3 ഓവറില്‍ ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 154 റണ്‍സാണ്. എന്നാല്‍ ഇരുവരും അടുപ്പിച്ച് പുറത്തായത് 200 കടക്കുന്നതില്‍ നിന്ന് അഫ്ഗാനെ തടഞ്ഞു.

ഗുര്‍ബാസ് 45 പന്തില്‍ 76 റണ്‍സും ഇബ്രാഹിം സദ്രാന്‍ 46 പന്തില്‍ 70 റണ്‍സും എടുത്താണ് പുറത്തായത്.

പിന്നീടു വന്നവര്‍ക്ക് താളം കണ്ടെത്താനാകാഞ്ഞതും അവസാന ഓവറുകളില്‍ ഉഗാണ്ട നടത്തിയ മികച്ച ബൗളിംഗും അഫ്ഗാന്റെ സ്‌കോര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183ല്‍ ഒതുക്കുകയായിരുന്നു. ഉഗാണ്ടയ്ക്കായി കോസ്‌മോസ് ക്യുവുട്ട, ക്യാപ്റ്റന്‍ ബ്രയാന്‍ മസാബ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍സ വീതം വീഴ്ത്തി. അല്‍പേഷ് രാംജാനിയ്ക്ക് ഒരു വിക്കറ്റുണ്ട്.

183 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഉഗാണ്ട ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ഫോറടിച്ചാണ് തുടങ്ങിയത്. ഫസലുള്ള ഫറൂഖിയെ റോണക് പട്ടേല്‍ ബൗണ്ടറി കടത്തുകയായിരുന്നു.

എന്നാല്‍ രണ്ടാം പന്തില്‍ പട്ടേലിനെ ബൗള്‍ഡാക്കി ഫറൂഖി തിരിച്ചടിച്ചു. തൊട്ടടുത്ത പന്തില്‍ റോജര്‍ മുകാസ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി പുറത്ത്.

പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ 16 ഓവറില്‍ 58 റണ്‍സിന് ഉഗാണ്ട ഓള്‍ഔട്ടായി.

നാലോവറില്‍ വെറും ഒമ്പതു റണ്‍സിനാണ് ഫറൂഖി അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. നവീന്‍ ഉള്‍ ഹഖ്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുജീബുര്‍ റഹ്‌മാനാണ് ശേഷിച്ച വിക്കറ്റ്.

റിയാസത്ത് അലി ഷാ(34 പന്തില്‍ 11), റോബിന്‍സണ്‍ ഒബൂയ(25 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് ഉഗാണ്ടന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനമാണ് ഫസലുള്ള ഫറൂഖിയുടേത്. റണ്‍സ് അടിസ്ഥാനത്തില്‍ ലോകകപ്പിലെ ഏറ്റവും വലിയ നാലാമത്തെ വിജയവും അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി.

അഫ്ഗാനിസ്ഥാനായി ട്വന്റി20യില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഫറൂഖി. റഷീദ് ഖാനാണ് ആദ്യത്തെയാള്‍.

125 റണ്‍സിന്റെ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെ പിന്തള്ളി ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്താനും അഫ്ഗാനിസ്ഥാനു കഴിഞ്ഞു.

Related Articles

Back to top button