Cricket

കിവികളെ കാത്ത് വലിയ തിരിച്ചടി!! കെയ്ന്‍ വന്നു, പോയി; പ്രതിസന്ധിയല്ല അവസരം!!

ആറുമാസത്തോളം പരിക്കുമൂലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ശേഷം വെള്ളിയാഴ്ച്ച ബംഗ്ലാദേശിനെതിരേയാണ് കെയ്ന്‍ വില്യംസണ്‍ തിരിച്ചു വന്നത്. തിരിച്ചു വരവില്‍ തന്നെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ താരത്തിന് പക്ഷേ തിരിച്ചടി കിട്ടാന്‍ മിനിറ്റുകള്‍ പോലും വേണ്ടി വന്നില്ല.

ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോല്പിച്ച മല്‍സരത്തില്‍ 78 റണ്‍സുമായി തിളങ്ങാനും വില്യംസണിന് സാധിച്ചിരുന്നു. എന്നാല്‍ റണ്‍സെടുക്കാനുള്ള ഓട്ടത്തിനിടയില്‍ ബംഗ്ലാ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് വില്യംസണിന്റെ കൈവിരലില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു.

തൊട്ടുപിന്നാലെ മെഡിക്കല്‍ സംഘമെത്തി ഗ്രൗണ്ടില്‍വച്ച് ട്രീറ്റ്‌മെന്റ് നല്‍കിയെങ്കിലും വേദന സഹിക്കാനാകാതെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. 18ന് അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തില്‍ വില്യംസണിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഇതോടെ ഉറപ്പായി.

ഇന്ന് എക്‌സറേയ്ക്ക് കൊണ്ടുപോയ ശേഷം മാത്രമേ പരിക്കിന്റെ ഗുരുതരാവസ്ഥ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ. പരിക്കിന്റെ അവസ്ഥ കണ്ടിട്ട് ആശങ്കപ്പെടേണ്ട അവസ്ഥയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആദ്യ മല്‍സരങ്ങളില്‍ വില്യംസണിന് പകരം കളിച്ചത് രചിന്‍ രവീന്ദ്ര ആയിരുന്നു. ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിയും തകര്‍പ്പന്‍ ബൗളിംഗുമായി രവീന്ദ്ര കിട്ടിയ അവസരം മുതലാക്കുകയും ചെയ്തു. വില്യംസണിന് പകരം വന്നയാള്‍ ടീമില്‍ സ്ഥിരാംഗമായി മാറി.

ഇതോടെ വില്യംസണ്‍ തിരിച്ചെത്തിയപ്പോള്‍ ബാറ്റിംഗില്‍ തിളങ്ങാത്ത വില്‍ യംഗിനെ അവര്‍ ഒഴിവാക്കുകയും ചെയ്തു. അടുത്ത മല്‍സരത്തില്‍ കെയ്ന്‍ കളിച്ചില്ലെങ്കില്‍ വില്‍ യംഗ് തന്നെ ടീമില്‍ തിരിച്ചെത്തും.

ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ വില്യംസണിന്റെ അഭാവം ടീമിന് തിരിച്ചടി ആയില്ലെങ്കിലും നോക്കൗട്ട് സ്‌റ്റേജിന്റെ ഇത്രയും പരിചയസമ്പത്തുള്ള താരത്തിന്റെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കും.

തന്റെ കൈവിരലില്‍ നല്ലപോലെ നീര് വന്നതായും ബാറ്റില്‍ ഗ്രിപ്പ് ചെയ്ത് പിടിക്കാന്‍ പോലും പറ്റുന്നില്ലെന്നും മല്‍സരശേഷം വില്യംസണ്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ഐസിസി ലോകകപ്പില്‍ 3 ജയവുമായി ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ മുന്നിലാണ്.

ഇനിയുള്ള 6 കളിയില്‍ മൂന്നെണ്ണത്തില്‍ എങ്കിലും ജയിക്കാന്‍ സാധിച്ചാല്‍ കിവികള്‍ക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. പാക്കിസ്ഥാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ അവര്‍ക്കിനി നേരിടേണ്ടതുണ്ട്.

Related Articles

Back to top button