Cricket

ആരും കിരീടം മോഹിക്കേണ്ട…ഇത്തവണ അത് അവന്മാര്‍ക്ക് തന്നെ !! പ്രവചനവുമായി മൈക്കള്‍ വോണ്‍

ട്വന്റി20 ലോകകപ്പ് നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞേക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ പ്രവചനം.

എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്‌യെപ്പറ്റി തുറന്നു പറയാനും വോണ്‍ മടിച്ചില്ല. ഒരു സമയത്ത് വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്ന ഇംഗ്ലണ്ടിന് ഇപ്പോള്‍ ആ പഴയ മികവൊന്നും അവകാശപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രോസ് ഐലറ്റില്‍ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയ സ്‌കോട്ട്ലന്‍ഡിനെ തോല്‍പ്പിച്ചതോടെയാണ് ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ടിലെ സ്ഥാനം ഉറപ്പായത്.

സ്‌കോട്ട്ലന്‍ഡിനെതിരെ നടന്ന മത്സരം ഉപേക്ഷിക്കുകയും ഓസ്ട്രേലിയയോട് തോല്‍ക്കുകയും ചെയ്തത് അവരെ കുരുക്കിലാക്കിയിരുന്നു.

എന്നാല്‍ ഒമാനെയും നമീബിയയെയും പരാജയപ്പെടുത്തി അവരുടെ സാധ്യതകള്‍ വീണ്ടും സജീവമാക്കി. ഒടുവില്‍ ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചതോടെ അവര്‍ സൂപ്പര്‍ എട്ടില്‍ കടക്കുകയായിരുന്നു.

ദ ടെലിഗ്രാഫിനായുള്ള തന്റെ കോളത്തില്‍ മൈക്കല്‍ വോണ്‍ എഴുതിയത് ഇങ്ങനെ…”ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ വിജയിച്ചാല്‍ അത് എന്നെ അത്ഭുതപ്പെടുത്തില്ല. ഇംഗ്ലണ്ട് വളരെ അപകടകരമായ ടീമാണ്.

അവര്‍ക്ക് അവിശ്വസനീയമാംവിധം നന്നായി കളിക്കാന്‍ കഴിയും. എന്നാല്‍ ഇതേ ടീമിന് തന്നെ മോശം പ്രകടനം നടത്താനും കഴിയും. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഈ സ്ഥിരത കുറവ് ഒട്ടും നല്ലതല്ല.”

”സെമി-ഫൈനലിലെത്താനും കൂടുതല്‍ മുന്നോട്ട് പോകാനും, ഇംഗ്ലണ്ടിന് അവരുടെ ഏറ്റവും മികച്ച രണ്ട് കളിക്കാര്‍ ആവശ്യമാണ്. ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന് വളരെ പ്രധാനമാണ്.

20 ഓവറില്‍ ഓരോ ഓവറും എറിയാന്‍ കഴിയുന്ന ബൗളറാണ് അദ്ദേഹം, അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഇതുവരെ വളരെ മികച്ചതാണ്.

”പിന്നെ ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ ഫോം കണ്ടെത്തേണ്ടതുണ്ട്. ജോസ് സ്വന്തമായി ഒരു കളി ജയിക്കാന്‍ കഴിയുന്ന താരമാണ്. ഇംഗ്ലണ്ടിന് അവനെ ആവശ്യമാണ്.” വോണ്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button