Cricket

ബൗളര്‍മാരില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ കാര്യം കട്ടപ്പുക !! കോഹ്‌ലിയ്ക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് നല്‍കിയതിനെതിരേ മുന്‍താരം

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ഉയര്‍ത്തിയിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഫൈനല്‍ മത്സരം സംബന്ധിച്ച ചര്‍ച്ചകള്‍ തീരുന്നില്ല.

ആവേശകരമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ 17 വര്‍ഷത്തിനു ശേഷം ട്വന്റി20 കിരീടം നേടിയത്.

ഒട്ടും ഏകപക്ഷീയമല്ലാതിരുന്ന മത്സരത്തിന്റെ ഒരുഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. 30 പന്തില്‍ 30 റണ്‍സായിരുന്നു ആ ഘട്ടത്തില്‍ അവര്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത്.

ഡെത്ത് ഓവറില്‍ ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരുടെ കിടിലന്‍ ഓവറുകളാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചതും വിജയിപ്പിച്ചതും.

എങ്കിലും പ്ലെയര്‍ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്‌ലിയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടപ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച് കോഹ്‌ലി നേടിയ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്കു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

എങ്കിലും വിരാട് കോഹ്‌ലിക്ക് പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നല്‍കിയത് ചിലര്‍ക്കൊന്നും ദഹിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

മത്സരശേഷം, ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ നടന്ന ചര്‍ച്ചയിലാണ് മഞ്ജരേക്കറിന്റെ അഭിപ്രായപ്രകടനം. 59 പന്തില്‍ 76 റണ്‍സ് നേടിയ കോഹ്‌ലിയുടെ ഇന്നിങ്‌സ്, പേസ് ബോളര്‍മാര്‍ രക്ഷയ്‌ക്കെത്തിയില്ലായിരുന്നെങ്കില്‍ പാഴായി പോകുമായിരുന്നെന്നും, ഒരു ഇന്ത്യന്‍ ബോളര്‍ക്കായിരുന്നു പ്ലെയര്‍ ഓഫ് ദ് മാച്ച് നല്‍കേണ്ടിയിരുന്നെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

”കോഹ്‌ലി ആ ഇന്നിങ്‌സ് കളിച്ചതുകൊണ്ട് ഇന്ത്യയുടെ ഏറ്റവും വിനാശകരമായ ബാറ്റര്‍മാരിലൊരാളായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേരിടാന്‍ രണ്ട് പന്തുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇന്ത്യയുടെ ബാറ്റിംഗ് മികച്ചതായിരുന്നു.

പക്ഷേ ഇന്ത്യയ്ക്ക് കുറച്ചുകൂടി മേല്‍ക്കൈ നല്‍കുന്ന ഇന്നിംഗ്‌സ് കോഹ്‌ലിയുടെ കളിക്കണമായിരുന്നു. അവസാനം ബോളര്‍മാരുടെ പ്രകടനം, ആ ഇന്നിംഗ്‌സ് പോരായിരുന്നെന്ന് തെളിയിക്കുകയും ചെയ്തു.” സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

”90 ശതമാനവും ഇന്ത്യ പരാജയപ്പെട്ട നിലയില്‍ നില്‍ക്കെ ബോളര്‍മാരുടെ പ്രകടനമാണ് കോഹ്‌ലിയുടെ ഇന്നിങ്‌സിനെ രക്ഷിച്ചത്. 128 സ്ട്രൈക്ക് റേറ്റിലാണ് കോഹ്‌ലി കളിച്ചത്. ബോളര്‍മാരാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്റെ അഭിപ്രായത്തില്‍, പ്ലെയര്‍ ഓഫ് ദ് മാച്ച്, തീര്‍ച്ചയായും ഒരു ബോളര്‍ ആകണമായിരുന്നു.” മഞ്ജരേക്കര്‍ വ്യക്തമാക്കി.

മുമ്പ്,ലോകകപ്പ് നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കര്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പം വിരാട് കോഹ്‌ലിയുടെ പേര് സഞ്ജയ് മഞ്ജരേക്കര്‍ പരാമര്‍ശിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Related Articles

Back to top button